കാർലോ ആൻസലോട്ടിയെ ക്ലബ് പരിശീലകസ്ഥാനത്ത് നിലനിറുത്താൻ റയൽ മാഡ്രിഡ്

റയല്‍ മാഡ്രിഡിന്റെ ഇറ്റാലിയന്‍ പരിശീലകന് കാര്‍ലോസ് ആന്‍സലോട്ടി ഈ സീസണിന് ശേഷവും സ്പാനിഷ് ക്ലബിനൊപ്പം തുടർന്നേക്കും. ആന്‍സലോട്ടിയുടെ പ്രകടനത്തില്‍ റയല്‍ മാഡ്രിഡ് മാനേജ്മെന്റ് സന്തോഷത്തിലാണെന്നും അതിനാല്‍ ഇറ്റാലിയന്‍ പരിശീലകനെ ഒഴിവാക്കാൻ അവർക്ക് പദ്ധതികളില്ലെന്നും 90min മനസിലാക്കുന്നു. സിനദീന്‍ സിദാന് ക്ലബ് വിട്ടതിന് ശേഷമായിരുന്നു ആന്‍സലോട്ടിയെ റയൽ പരിശീലകസ്ഥാനത്തെത്തിച്ചത്.
റയല്‍ മാഡ്രിഡില്‍ രണ്ട് വര്‍ഷംകൂടി കരാറുള്ള ആന്‍സലോട്ടിയുടെ പ്രകടനത്തില്‍ ക്ലബ് പൂര്‍ണ തൃപ്തരെണെന്നാണ് 90min വൃത്തങ്ങള്‍ മനസിലാക്കുന്നത്.
റാല്‍ഫ് റാങ്നിക്കിന് പകരം ആന്‍സലോട്ടിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആന്‍സലോട്ടിയെ ഒഴിവാക്കുന്ന കാര്യം റയൽ ആലോചിക്കുന്നില്ല.
അതേ സമയം, പി.എസ്.ജി പരിശീലകൻ മൗറീസിയോ പൊച്ചറ്റീനോയുടെ പേര് റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നുവെങ്കിലും, ആൻസലോട്ടിയെ ഒഴിവാക്കാൻ റയലിന് പദ്ധതികളില്ലെന്നാണ് സ്പാനിഷ് ക്ലബിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. റയൽ വിടുന്ന കാര്യം ആൻസലോട്ടി പരിഗണിക്കുന്നില്ലെന്നും 90min മനസിലാക്കുന്നു.
ഇത് രണ്ടാം തവണയാണ് ആന്‍സലോട്ടി റയല്‍ മാഡ്രിഡിന്റെ പരിശീലക വേഷം അണിയുന്നത്. നേരത്തെ 2013 മുതല്‍ 2015 വരെ ആന്‍സലോട്ടി റയല്‍ മാഡ്രിഡിനെ പരിശീലിപ്പിച്ചിരുന്നു. അന്ന് കോപാ ഡെല്‍റേ, ചാംപ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങിയ കിരീടങ്ങള്‍ സ്വന്തമാക്കിയ ആന്‍സലോട്ടി ഇപ്പോള്‍ ലാലിഗ കിരീടത്തിനരികെയാണ്. ലാലിഗ കിരീടംകൂടി സ്വന്തമാക്കുകയാണെങ്കില്‍ റയല്‍ മാഡ്രിഡിനൊപ്പം എല്ലാ കിരീടങ്ങളും നേടാന്‍ ആന്‍സലോട്ടിക്ക് കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.