ലിവര്‍പൂളും ടോട്ടനവും നോട്ടമിട്ട താരത്തെ റാഞ്ചാന്‍ റയല്‍ മാഡ്രിഡ്

പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ ലിവര്‍പൂളും ടോട്ടന്‍ഹാമും ഫ്രീ ട്രാന്‍സ്ഫറില്‍ ടീമിലെത്തിക്കാന്‍ പദ്ധതിയിട്ടിരുന്ന താരത്തെ റാഞ്ചാനൊരുങ്ങി റയല്‍ മാഡ്രിഡ്. എ.സി മിലാന്റെ ഐവറി കോസ്റ്റ് താരം ഫ്രാങ്ക് കെസ്സെയാണ് റയല്‍ മാഡ്രിഡ് ലക്ഷ്യമിടുന്നത്. ഈ സമ്മറോടെ എ.സി മിലാനില്‍ കരാര്‍ അവസാനിക്കുന്ന കെസ്സെ ടീമുകളുമായി സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് റയല്‍ മാഡ്രിഡ് താരത്തിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.
ഈ സമ്മറില്‍ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്താന്‍ റയല്‍ മാനേജ്‌മെന്റുമായി കെസ്സെ സംസാരം തുടങ്ങിയതായി സ്പാനിഷ് മാധ്യമമായ എന്‍ നാഷണലാണ് റിപ്പോര്‍ട്ട് ചെയ്തത്. താരത്തിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാന്‍ പെരസ് ഒരു പ്രധിനിധിയെ ഇറ്റലിയിലേക്ക് അയച്ചതായും എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
റയല്‍ മാഡ്രിഡിന്റെ ഈ നീക്കം ലിവര്‍പൂളിനും ടോട്ടനത്തിനും തിരിച്ചടിയാകും. ഈ രണ്ട് ക്ലബുകളും കെസ്സെയെ നോട്ടമിട്ടിരുന്നു. ഫ്രഞ്ച് താരം ടാങ്കെ എൻഡോബലെയെ പകരക്കാരനായി നല്‍കി കെസ്സെയെ ഈ മാസം തന്നെ ടീമിലെത്തിക്കാനുള്ള നീക്കമായിരുന്നു ടോട്ടന്‍ഹാം നടത്തിയിരുന്നത്. എന്നാല്‍ റയല്‍ മാഡ്രിഡ് താരത്തിന് വേണ്ടി രംഗത്തെത്തിയോടെ ടോട്ടനത്തിന്റെ നീക്കം നടക്കില്ലെന്നാണ് സൂചന.
സീസണിന്റെ അവസാനം കെസ്സെ ഫ്രീ എജന്റായി മാറുമെങ്കിലും സീസണ്‍ അവസാനം വരെ കെസ്സെയെ ടീമില്‍ നിലനിര്‍ത്താനാണ് എ.സി മിലാന്റെ തീരുമാനം. 2017ല്‍ അറ്റലാന്റയില്‍ നിന്ന് രണ്ട് വര്‍ഷത്തെ ലോണില്‍ എത്തിയ കെസ്സെ 205 മത്സരത്തില്‍ നിന്ന് 35 ഗോളുകളും 16 അസിസ്റ്റും എ.സി മിലാന് വേണ്ടി നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.