Transfers

ടോട്ടൻഹാം ഹോട്സ്പർ സൂപ്പർതാരം സൺ ഹ്യുങ് മിന്നിനെ നോട്ടമിട്ട് റയൽ മാഡ്രിഡ്

Vaisakh. M
Real madrid interested in Tottenham's son heung-min
Real madrid interested in Tottenham's son heung-min / Clive Rose/GettyImages
facebooktwitterreddit

ടോട്ടൻഹാം ഹോട്സ്പറിന്റെ സൗത്ത് കൊറിയൻ മുന്നേറ്റതാരം സൺ ഹ്യുങ്‌ മിന്നിനെ നോട്ടമിട്ട് റയൽ മാഡ്രിഡ്‌. ഏറെക്കാലമായി പിന്തുടരുകയായിരുന്ന കിലിയൻ എംബാപ്പെ പിഎസ്‌ജിയിൽ തുടർന്നതോടെയാണ് പകരക്കാരെ റയൽ നോട്ടമിടുന്നത്.

അടുത്ത സീസണിന് മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിശീലകൻ കാർലോ ആൻസലോട്ടി മികച്ച താരങ്ങളെ ക്ലബ്ബിലെത്തിക്കാനാഗ്രഹിക്കുന്നുണ്ട്. ഇറ്റാലിയൻ ജേർണലിസ്റ്റായ റൂഡി ഗാലറ്റിയുടെ റിപ്പോർട്ട്‌ പ്രകാരം റയൽ മാഡ്രിഡിന്റെ റഡാറിലുള്ള താരമാണ് സൺ.

ഗാരെത് ബെയിലും ഇസ്കോയും ഈ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുന്നതോടെ ആക്രമണനിരയിലേക്ക് റയൽ പുതിയ താരങ്ങളെ തേടുകയാണ്. ലിവർപൂളിനും എസി മിലാനും താത്പര്യമുള്ള മാർക്കോ അസെൻസിയോയും ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാൻ സാധ്യതയുണ്ട്.

കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ 23 ഗോളുകളുമായി തകർപ്പൻ പ്രകടനമാണ് സൺ നടത്തിയത്. ലിവർപൂൾ താരം മുഹമ്മദ്‌ സലാക്കൊപ്പം ഗോൾഡൻ ബൂട്ടും താരം പങ്കിട്ടിരുന്നു. നിലവിൽ 2025 വരെ ടോട്ടൻഹാമുമായി കരാറുള്ള താരമാണ് സൺ. അതിനാൽ തന്നെ, തങ്ങളുടെ ടീമിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെ വിൽക്കാൻ ടോട്ടൻഹാം തയ്യാറാകുമോ എന്ന കാര്യം സംശയമാണ്.


facebooktwitterreddit