Football in Malayalam

കോവിഡ്: റയൽ മാഡ്രിഡിലെ സാഹചര്യം രൂക്ഷമാകുന്നു, രണ്ടു ദിവസത്തിനിടെ ഏഴു താരങ്ങൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Sreejith N
Real Madrid v Real Betis - La Liga Santander
Real Madrid v Real Betis - La Liga Santander / Denis Doyle/GettyImages
facebooktwitterreddit

യൂറോപ്പിലെമ്പാടും ആശങ്കയുയർത്തി വീണ്ടും കോവിഡ് തരംഗം വ്യാപിക്കെ സ്‌പാനിഷ്‌ ക്ലബായ റയൽ മാഡ്രിഡിലെ സാഹചര്യവും രൂക്ഷമാവുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ക്ലബിലെ താരങ്ങളും പരിശീലകരും ഉൾപ്പെടെ ഏഴു പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ റയലിന്റെ മത്സരങ്ങൾ മാറ്റിവെക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ദിവസം ഗാരെത് ബേൽ, മാർകോ അസെൻസിയോ, ആൻഡ്രി ലുനിൻ, റോഡ്രിഗോ എന്നിവർക്ക് കോവിഡ് വൈറസ് ബാധയേറ്റെന്ന കാര്യം റയൽ നേതൃത്വം സ്ഥിരീകരിച്ചിരുന്നു. അതിനു മുൻപ് ലൂക്ക മോഡ്രിച്ച്, മാഴ്‌സലോ, സഹപരിശീലകൻ ഡേവിഡ് ആൻസലോട്ടി എന്നിവർക്കും രോഗം കണ്ടെത്തിയിരുന്നു. ഇവരെല്ലാവരുമിപ്പോൾ സെൽഫ് ഐസൊലേഷനിലാണ്.

സാഹചര്യങ്ങൾ നിലവിലുള്ളതു പോലെ തുടർന്നാലും ഡിസംബർ 19നു കാഡിസിനെതിരായ മത്സരം റയൽ മാഡ്രിഡ് കളിക്കേണ്ടി വരും. ലാ ലിഗ നിയമങ്ങൾ പ്രകാരം 13 ഫസ്റ്റ് ടീം ഔട്ട്‍ഫീൽഡ് കളിക്കാരും ഒരു ഗോൾകീപ്പറും ലഭ്യമാണെങ്കിൽ ക്ലബുകൾ മത്സരം കളിക്കണമെന്നു നിർബന്ധമാണ്.

എന്നാൽ നിലവിലെ സാഹചര്യം വെച്ചു നോക്കുമ്പോൾ റയൽ മാഡ്രിഡിൽ വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും കണ്ടെത്താനുള്ള സാധ്യതയുണ്ട്. അങ്ങിനെയാണെങ്കിൽ മാത്രം മത്സരം ഒഴിവാക്കപ്പെടും. അടുത്ത രണ്ടു മത്സരങ്ങൾ കൃത്യമായി നടന്നാൽ നിലവിൽ അസുഖം കണ്ടെത്തിയ താരങ്ങൾക്ക് അതിൽ കളിക്കാനും കഴിയില്ല.

ഡിസംബർ 16നു സ്പെയിനിലെ ടോപ് ഫ്‌ളൈറ്റ് ഫുട്ബോളിൽ കോവിഡ് മൂലം ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ അധികാരികൾ വ്യക്തമാക്കിയിരുന്നു. ഓരോ 15 ദിവസം കൂടുമ്പോഴും താരങ്ങൾ പിസിആർ പരിശോധന നടത്തുക, ഹസ്‌തദാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കുക തുടങ്ങിയവയെല്ലാം അതിലവർ നിഷ്‌കർഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit