Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരിച്ചെത്തിക്കാൻ റയൽ മാഡ്രിഡിനു പദ്ധതിയില്ല

Sreejith N
Real Madrid Have No Plans To Sign Cristiano Ronaldo
Real Madrid Have No Plans To Sign Cristiano Ronaldo / Catherine Ivill/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ റൊണാൾഡോക്ക് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള നീക്കങ്ങൾ ഇപ്പോഴും എവിടെയുമെത്താതെ നിൽക്കുകയാണ്. ചാമ്പ്യൻസ് ലീഗ് കളിക്കുകയെന്ന ആഗ്രഹമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താരത്തെ പ്രേരിപ്പിക്കുന്ന പ്രധാനഘടകമെങ്കിലും നിലവിൽ യൂറോപ്പിലെ പ്രധാന ക്ലബുകളൊന്നും താരത്തെ സ്വന്തമാക്കാനുള്ള സാധ്യത കാണുന്നില്ല.

റൊണാൾഡോയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തമായി തുടർന്നു കൊണ്ടിരിക്കെ റയൽ മാഡ്രിഡിലേക്ക് താരം തിരിച്ചു വരുമെന്ന വാർത്തകളും ഉയർന്നിരുന്നു. റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് റൊണാൾഡോയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തിയെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും സ്‌പാനിഷ്‌ മാധ്യമമായ മാർക്ക ഇതിനെ പൂർണമായും നിഷേധിച്ചു.

മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയെ തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ച് റയൽ മാഡ്രിഡ് ചിന്തിക്കുന്നില്ല. നിലവിൽ ടീമിലെ ചില താരങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുന്ന റയൽ മാഡ്രിഡ് നേതൃത്വം അതിനു ശേഷം പുതിയ കളിക്കാരെ ടീമിന്റെ ഭാഗമാക്കാൻ ശ്രമിച്ചേക്കുമെങ്കിലും അവരുടെ പദ്ധതിയിൽ റൊണാൾഡോയില്ല. അതേസമയം റയലും റൊണാൾഡോയും തമ്മിലുള്ള ബന്ധം നല്ല രീതിയിൽ നിലനിൽക്കുന്നുവെന്നും അവർ വ്യക്തമാക്കുന്നു.

താരം ചേക്കേറാനിടയുള്ള മറ്റൊരു ക്ലബായി കരുതപ്പെട്ടിരുന്നത് ബയേൺ മ്യൂണിക്ക് ആയിരുന്നെങ്കിലും അതിനുള്ള സാധ്യതയും ഇല്ലെന്ന് മാർക്ക പറയുന്നു. റൊണാൾഡോയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ബയേൺ നേതൃത്വത്തിലുള്ളവർ തുടർച്ചയായി നിഷേധിക്കുന്നത് ഇതിനു തെളിവായി ചൂണ്ടിക്കാട്ടുന്നു.

അതേസമയം റൊണാൾഡോയെ വിട്ടുകൊടുക്കാൻ യാതൊരു പദ്ധതിയുമില്ലെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് പറയുന്നത്. തന്റെ അടുത്ത സീസണിലെ പദ്ധതികളിൽ റൊണാൾഡൊയുണ്ടെന്നും താരത്തെ വിൽക്കാൻ ഒരുക്കമല്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കേ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit