"റൊണാൾഡോയെ തിരിച്ചെത്തിക്കൂ"- എംബാപ്പെ റയൽ മാഡ്രിഡിനെ തഴഞ്ഞതിനു പിന്നാലെ ക്യാമ്പയിനുമായി ആരാധകർ


കിലിയൻ എംബാപ്പെ പിഎസ്ജിയുമായി കരാർ പുതുക്കിയത് റയൽ മാഡ്രിഡിന് ഏൽപ്പിച്ച ആഘാതം ചെറുതായിരിക്കുമെന്ന് കരുതാൻ കഴിയില്ല. താരം റയൽ മാഡ്രിഡിലേക്കു തന്നെ ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശക്തമായ സമയത്താണ് താരം പിഎസ്ജിയുടെ അവസാനത്തെ ഓഫറിനു സമ്മതം മൂളി ഫ്രാൻസിൽ തന്നെ തുടരാൻ എംബാപ്പെ തീരുമാനിക്കുന്നത്.
എംബാപ്പെ മൊണാക്കോയിൽ കളിച്ചിരുന്ന സമയത്തും അതിനു ശേഷമുള്ള പല ട്രാൻസ്ഫർ ജാലകങ്ങളിലും താരത്തിനായി റയൽ മാഡ്രിഡ് ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ സമ്മറിൽ 200 മില്യൺ യൂറോ വരെ എംബാപ്പക്കു വേണ്ടി റയൽ മാഡ്രിഡ് വാഗ്ദാനം ചെയ്തെങ്കിലും അതിലും കുലുങ്ങാതിരുന്ന പിഎസ്ജിയുടെ ആത്മവിശ്വാസം ശരിയാണെന്ന് എംബാപ്പെ കരാർ പുതുക്കിയതിലൂടെ വ്യക്തമാവുകയും ചെയ്തു.
അടുത്ത സീസണിലേക്കുള്ള പ്രധാന ട്രാൻസ്ഫർ ലക്ഷ്യമായിരുന്ന എംബാപ്പെ മോഹം അവസാനിച്ചതോടെ റയൽ മാഡ്രിഡിലേക്ക് ഇനിയാര് എന്ന ചർച്ചകൾ ഉയർന്നിട്ടുണ്ട്. എർലിങ് ഹാലൻഡിലും റയൽ മാഡ്രിഡിന് താൽപര്യം ഉണ്ടായിരുന്നെങ്കിലും താരം നേരത്തെ തന്നെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയതിനാൽ മുന്നേറ്റനിരയിൽ പുതിയ ട്രാൻസ്ഫറുകൾക്ക് റയൽ ശ്രമിക്കുമോയെന്ന് വ്യക്തതയില്ല.
അതിനിടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ്ബിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നുള്ള ഹാഷ്ടാഗ് ക്യാമ്പയിൻ റയൽ മാഡ്രിഡ് ആരാധകർ ആരംഭിച്ചിട്ടുണ്ട്. #CristianoVuelve എന്ന ഹാഷ്ടാഗ് ക്യാമ്പയ്ൻ താരം ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി നടത്തിയ പ്രകടനം ചൂണ്ടിക്കാണിക്കുകയും അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിയാത്തതിനാൽ റൊണാൾഡോ റയലിന്റെ ഓഫർ സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു.
എന്നാൽ റയൽ മാഡ്രിഡിലേക്ക് റൊണാൾഡോ തിരികെ വരാനുള്ള സാധ്യതകൾ വളരെ കുറവാണെന്നാണ് മാർക്ക റിപ്പോർട്ടു ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡുമായി താരത്തിന് ഒരു വർഷം കൂടി കരാർ നിലനിൽക്കുന്നതും പുതിയ പരിശീലകനായി ചുമതല ഏറ്റെടുത്ത ടെൻ ഹാഗിന്റെ പദ്ധതികളിൽ റൊണാൾഡോക്കും സ്ഥാനമുണ്ടെന്നതുമാണ് ഇതിനൊരു കാരണം. റയൽ മാഡ്രിഡ് പ്രസിഡന്റും ഫ്ലോറന്റീനോ പെരസ് താരത്തെ തിരിച്ചു കൊണ്ടുവരാൻ താൽപര്യം കാണിക്കാൻ സാധ്യത കുറവാണെന്നും അവർ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.