Football in Malayalam

അങ്ങോട്ട് നൽകുന്നതിന്റെ ഏറ്റവും കുറഞ്ഞ തോതിലെങ്കിലും തിരിച്ചു നൽകണം, ബെയ്‌ലിനെതിരെ തുറന്നടിച്ച് റയൽ മാഡ്രിഡ് ആരാധകർ

Sreejith N
Bale (Real Madrid) seen before the match between Leganes vs...
Bale (Real Madrid) seen before the match between Leganes vs... / SOPA Images/GettyImages
facebooktwitterreddit

റയൽ മാഡ്രിഡ് താരമായ ഗാരെത് ബെയ്‌ലിനെതിരെ രൂക്ഷമായ വിമർശനവുമായി ക്ലബിന്റെ ആരാധകരുടെ സംഘടന ഔദ്യോഗിക പ്രസ്‌താവനയിറക്കി. റയൽ മാഡ്രിഡ് അങ്ങോട്ട് നൽകുന്നതിന്റെ ഏറ്റവും കുറഞ്ഞ തോതിലെങ്കിലും തിരിച്ചു നൽകണമെന്നു പറഞ്ഞ അവരെ ചൊടിപ്പിച്ചത് താരത്തിന്റെ ഏജന്റായ ജോനാഥൻ ബാർനറ്റ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകളാണ്.

ബെയ്‌ലിന്റെ പുതിയ പരിക്കിനെപ്പറ്റി റയൽ മാഡ്രിഡ് ആരാധകർ എന്തു കരുതുമെന്നു ചോദിച്ചപ്പോൾ രൂക്ഷമായാണ് ബാർനെറ്റ് അതിനോട് പ്രതികരിച്ചത്. "അത് അനാവശ്യമാണ്. റയൽ മാഡ്രിഡ് ആരാധകർ എന്തു കരുതുന്നുവെന്നു ഞാൻ ശ്രദ്ധിക്കുന്നില്ല. അവർ ബെയ്‌ലിനു വെറുപ്പുണ്ടാക്കുന്നവരാണെന്നു ഞാൻ കരുതുന്നു. വളരെ മോശം പെരുമാറ്റമാണ് അവരുടേത്," എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മാഡ്രിഡ് പ്രവിശ്യയിലുള്ള റയൽ മാഡ്രിഡ് ആരാധകരുടെ സംഘടനയാണ് ഇതിനെതിരെ തുറന്ന പ്രസ്‌താവന ഇറക്കിയത്. യൂറോപ്യൻ ഏജന്റസിന്റെ മീറ്റിങ്ങുമായി ബന്ധപ്പെട്ട് ബാർനറ്റ് നടത്തിയ പ്രസ്‌താവനയിൽ കടുത്ത പ്രതിഷേധം തങ്ങൾ രേഖപ്പെടുത്തുന്നുവെന്നു പറഞ്ഞ അവർ ഇതാദ്യമായല്ല അദ്ദേഹം ഇത്തരത്തിൽ സംസാരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണിനിടയിൽ സിദാൻ ഒരു അപമാനമാണെന്നും റയൽ മാഡ്രിഡിനെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിച്ച ഒരു താരത്തെ അദ്ദേഹത്തിനു ബഹുമാനിക്കാൻ അറിയില്ലെന്നു പറഞ്ഞതും അവർ സൂചിപ്പിക്കുന്നു. ഈ സീസണിൽ പരിക്ക് മൂലം വെറും 193 മിനുട്ടുകൾ മാത്രം കളിച്ച താരം ദേശീയ ടീമിന്റെ മത്സരങ്ങൾ എത്തിയപ്പോൾ ആശ്ചര്യപ്പെടുത്തി പരിക്കിൽ നിന്നും മുക്തനായതും അവർ ചൂണ്ടിക്കാട്ടി.

വെയിൽസ്‌ ജേഴ്‌സിയോട് മാത്രം കൂറ് കാണിക്കുന്ന ഇങ്ങനൊരു താരം മൂലമുണ്ടാകുന്ന മോശം സാഹചര്യങ്ങൾ വർഷങ്ങളായി തുടർന്നു കൊണ്ടിരിക്കുകയാണെന്നും ബെർനെറ്റ് തങ്ങളെ വിമർശിച്ചത് എന്തിന്റെ പേരിലാണെന്നു മനസിലാവുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. റയൽ മാഡ്രിഡ് നൽകുന്നതിൽ വളരെ കുറച്ചെങ്കിലും തിരിച്ചു നൽകുക മാത്രമാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി.

റയൽ മാഡ്രിഡ് ആരാധകർ പലപ്പോഴും ബെയ്‌ലിനെതിരെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിലും ആദ്യമായാണ് പരസ്യമായ ഒരു പ്രസ്‌താവന അവർ ഇറക്കുന്നത്. ഈ വർഷത്തോടെ കരാർ അവസാനിക്കുന്ന താരം ഇനി ക്ലബിനൊപ്പം ഉണ്ടാകാൻ സാധ്യതയില്ലെന്നു തന്നെയാണ് ഇതിൽ നിന്നും അനുമാനിക്കാൻ കഴിയുക.


facebooktwitterreddit