ജൂഡ് ബെല്ലിങ്ഹാമിനെ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ്

ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ യുവ താരം ജൂഡ് ബെല്ലിങ്ഹാമിനെ ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡ്. മധ്യനിരയില്‍ പുതിയൊരു മിഡ്ഫീല്‍ഡ് ജനറലിനെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് റയൽ ഇംഗ്ലീഷ് യുവതാരത്തെ നോട്ടമിട്ടിരിക്കുന്നത്. 2020ല്‍ ബര്‍മിങ്ഹാം സിറ്റിയില്‍ നിന്ന് ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടിലെത്തിയ താരം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
അതുകൊണ്ട് തന്നെ യൂറോപ്പിലെ വമ്പന്മാരെല്ലാം ബെല്ലിങ്ഹാമിനെ നോട്ടമിട്ടിട്ടുമുണ്ട്. യുവ പ്രതിഭകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ബെല്ലിങ്ഹാമും റയല്‍ മാഡ്രിഡിന്റെ പട്ടികയിലെ പ്രധാന താരമാണെന്ന് മാർക്ക റിപ്പോർട്ട് ചെയ്തിരുന്നു. കംപ്ലീറ്റ് മിഡ്ഫീല്‍ഡറായി മാറാൻ കഴിയുമെന്ന് റയൽ വിശ്വസിക്കുന്ന ബെല്ലിങ്ഹാമിനെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പെരസും സംഘവും.
ബെല്ലിങ്ഹാമിന് പുറമെ മോണോക്കോ താരമായ ഓറേലിന് ചമേനിയേയും റയല്‍ മാഡ്രിഡ് ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാല്‍ മൊണോക്കോയുടെ ഫ്രഞ്ച് താരത്തെ സ്വന്തമാക്കുന്നതന് വേണ്ടി ചെല്‍സിയും രംഗത്തുണ്ട്. ലെസ്റ്റര്‍ സിറ്റിയുടെ സെന്റര്‍ ബാക്കില്‍ കളിക്കുന്ന ഫ്രഞ്ച് താരം വെസ്ലെ ഫൊഫാനയേയും റയലിന്റെ റഡാറിലുള്ള താരമാണ്. സെര്‍ജിയോ റാമോസ്, റാഫേല്‍ വരാനെ എന്നിവരുടെ വിടവ് നികത്തുന്നതിന് വേണ്ടിയാണ് ഫൊഫാനെയെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്.
ചെല്‍സി ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്ന സെവിയ്യ താരം ജൂള്‍സ് കോണ്ടെയേയും റയല്‍ മാഡ്രിഡിന്റെ പട്ടികയിലുള്ള താരമാണ്. ബയര്‍ ലെവര്കൂസന് താരം ഫ്ളോറിയാന്‍ വിട്സ്, പൽമെയ്റസിന്റെ എൻഡ്രിക്ക് എന്നിവരും റയലിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 17 ബുണ്ടസ്ലിഗ മത്സരത്തില്‍ നിന്ന് ഒന്‍പത് അസിസ്റ്റും അഞ്ച് ഗോളും നേടിയ താരമാണ് വിട്സ്. അതേ സമയം, 15 വയസ് മാത്രം പ്രായമുള്ള ബ്രസീലിയൻ കൗമാരവിസ്മയമാണ് എൻഡ്രിക്ക്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.