റയൽ മാഡ്രിഡിന് എംബാപ്പെയെ ആവശ്യമില്ലെന്നും ടീം സ്വന്തമാക്കേണ്ടത് സെൻട്രൽ ഡിഫൻഡർമാരെയെന്നും ഫാബിയോ കാപ്പല്ലോ

വരാനിരിക്കുന്ന വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ പി എസ് ജിയിൽ നിന്ന് കെയ്ലിൻ എംബാപ്പെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശക്തമായി രംഗത്തുണ്ടാകുമെന്ന സൂചനകൾ ശക്തമായതിനിടെ ടീമിന് വേണ്ടത് എംബാപ്പെയെ അല്ലെന്നും മറിച്ച് സെൻട്രൽ ഡിഫൻഡർമാരെയാണെന്നും ചൂണ്ടിക്കാട്ടി അവരുടെ മുൻ പരിശീലകനായ ഫാബിയോ കാപ്പല്ലോ. നിലവിൽ ടീമിന്റെ ആക്രമണ നിര മികച്ചതാണെന്ന് പറയുന്ന കാപ്പല്ലോ, അത് കൊണ്ടു തന്നെ ടീമിന്റെ പ്രതിരോധം ശക്തമാക്കുന്നതിനാകണം പരിശീലകൻ കാർലോ ആൻസലോട്ടി മുൻഗണന നൽകേണ്ടതെന്നാണ് പറയുന്നത്.
ട്രാൻസ്ഫർ ജാലകം തുറക്കുമ്പോൾ എംബാപ്പെയെ ഏത് വിധേനയും സ്വന്തമാക്കാൻ ശ്രമിക്കേണ്ടതിന് പകരം രണ്ടോളം സെൻട്രൽ ഡിഫൻഡർമാരെ ടീമിലെത്തിച്ച് പ്രതിരോധ നിരയുടെ കരുത്ത് വർധിപ്പിക്കണമെന്ന് പറയുന്ന ആൻസലോട്ടി, കരീം ബെൻസേമ, മാർക്കോ അസൻസിയോ എന്നിവർ അണിനിരക്കുന്ന ടീമിന്റെ ആക്രമണ നിര ഇപ്പോൾത്തന്നെ ടീമിന്റെ മുന്നേറ്റത്തിന് ആവശ്യമായ കരുത്ത് നൽകുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഇറ്റാലിയൻ മാധ്യമമായ കൊറിയർ ഡെല്ലോ സ്പോർടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Fabio Capello: Real Madrid don’t need Kylian Mbappe https://t.co/sEl9krYuWh via @todayng
— Nigeria Newsdesk (@NigeriaNewsdesk) October 6, 2021
""ഒരു ശക്തമായ ടീമിനെ കെട്ടിപ്പടുക്കാൻ അവർക്ക് സമയം വേണം. മാഡ്രിഡിന് രണ്ടോളം സെൻട്രൽ ഡിഫൻഡർമാരെ ആവശ്യമുണ്ട്. മയ്യോർക്കെതിരായ അവരുടെ കളി ഞാൻ കണ്ടു (റയൽ 6-1 ന് ജയിച്ച മത്സരം). മുന്നേറ്റത്തിൽ അവർക്ക് യാതൊരു പ്രശ്നവുമില്ല. എംബാപ്പെയില്ലാതെ പോലും. അവർക്ക് ആകർഷണീയമായ കളികാരുണ്ട്." "
- ഫാബിയോ കാപ്പല്ലോ
അതേ സമയം ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എംബാപ്പെയെ സ്വന്തമാക്കാൻ ശക്തമായി രംഗത്തുണ്ടായിരുന്ന ക്ലബ്ബാണ് റയൽ മാഡ്രിഡ്. പക്ഷേ താരത്തിനായി റയൽ വാഗ്ദാനം ചെയ്ത മൂന്ന് ഓഫറുകളും പി എസ് ജി നിരസിക്കുകയായിരുന്നു. എന്നാൽ അടുത്ത വർഷം പി എസ് ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്നതിനാൽ താരം ഭാവിയിൽ റയലിലേക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.