Football in Malayalam

ഹസാർഡിനെ ഉൾപ്പെടുത്തി യാതൊരു പദ്ധതിയും ഇപ്പോൾ റയൽ മാഡ്രിഡിനില്ലെന്ന് സിദാൻ

Sreejith N
Real Madrid v FC Internazionale: Group B - UEFA Champions League
Real Madrid v FC Internazionale: Group B - UEFA Champions League / Quality Sport Images/Getty Images
facebooktwitterreddit

ഹസാർഡിനെ ഉൾപ്പെടുത്തി യാതൊരു പദ്ധതിയും റയൽ മാഡ്രിഡിന് ഇപ്പോഴില്ലെന്ന് വ്യക്തമാക്കി പരിശീലകൻ സിനദിൻ സിദാൻ. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് ടീമിനൊപ്പം പരിശീലനം നടത്തിയ താരം അടുത്ത് തന്നെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമോ എന്നതിനെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് ഫ്രഞ്ച് പരിശീലകൻ ഇക്കാര്യം വ്യക്തമാക്കിയത്.

പരിക്കിൽ നിന്നും മുക്തനായി തിരിച്ചു വരവിനു തയ്യാറെടുക്കുന്ന ടോണി ക്രൂസിനൊപ്പമാണ് ഹസാർഡ് വെള്ളിയാഴ്ച പരിശീലനത്തിനിറങ്ങിയത്. താരം ട്രെയിനിങ്ങിൽ പങ്കെടുത്തെങ്കിലും തിരിച്ചു വരവിന്റെ തീയ്യതി ഇതുവരെയും ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് സിദാന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

"ഹസാർഡിനു വേണ്ടി യാതൊരു പദ്ധതിയും റയൽ മാഡ്രിഡിനില്ല, ഒന്നിനും നിർബന്ധിക്കാനും ഞങ്ങൾ ഒരുക്കമല്ല. പടിപടിയായാണ് ഞങ്ങളിതിനെ നേരിടുന്നത്. താരം എന്ന് തിരിച്ചെത്തുമെന്ന് പറയാനാവില്ല. അത് മൂന്നു ദിവസത്തിനുള്ളിലാണെങ്കിൽ വളരെ സന്തോഷം, പത്ത് ദിവസമാണെങ്കിലും കുഴപ്പമില്ല. താരത്തിന്റെ സ്ഥിതി മെച്ചപ്പെടുന്നതു തന്നെ സന്തോഷമാണ്," സിദാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം ദേശീയ ടീമിനൊപ്പമുള്ള മത്സരങ്ങൾക്കിടയിൽ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസിന് പരിക്കേറ്റതിൽ സ്പെയിൻ ദേശീയ ടീമിനെയോ മറ്റാരെയെങ്കിലുമോ പഴിക്കാൻ കഴിയില്ലെന്നും സിദാൻ വ്യക്തമാക്കി. ആർക്കും ഇഷ്ടപ്പെടാത്ത ഫുട്ബോളിലെ മോശം വശമാണിതെന്നും അത് അംഗീകരിച്ചേ മതിയാകൂവെന്നും സിദാൻ പറഞ്ഞു.

പരിക്കേറ്റ റാമോസിന് ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും ബാഴ്‌സലോണക്കെതിരായ എൽ ക്ലാസിക്കോയും ഏറ്റവും ചുരുങ്ങിയത് നഷ്ടമാകും. അതേസമയം ഏപ്രിൽ 7, 10 തീയ്യതികളിലായി നടക്കുന്ന ഈ രണ്ടു മത്സരങ്ങൾക്ക് മുന്നോടിയായി ഹസാർഡ് ഫിറ്റ്നസ് വീണ്ടെടുത്താൽ അത് റയലിന് ആശ്വാസമായിരിക്കും.

facebooktwitterreddit