Football in Malayalam

റയൽ മാഡ്രിഡ് ലാ ലിഗ വിടുന്ന കാര്യം പരിഗണിക്കുന്നുവെന്നു റിപ്പോർട്ട്, നിഷേധിച്ച് റയൽ മാഡ്രിഡ്

Sreejith N
Real Madrid president Florentino Perez
Real Madrid president Florentino Perez / SOPA Images/Getty Images
facebooktwitterreddit

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നായ റയൽ മാഡ്രിഡ് സ്‌പാനിഷ്‌ ലീഗ് വിടുന്ന കാര്യം പരിഗണിക്കുന്നുവെന്നു റിപ്പോർട്ടുകൾ. ലാ ലിഗ നേതൃത്വവുമായി നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ തുടർന്നാണ് റയൽ മാഡ്രിഡ് യൂറോപ്പിലെ മറ്റേതെങ്കിലും പ്രധാന ലീഗിലേക്ക് ചേക്കേറുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നതെന്ന് മുണ്ടോ ഡിപോർട്ടീവോ വ്യക്തമാക്കുന്നതെങ്കിലും ഇതിനെ നിഷേധിച്ച് റയൽ മാഡ്രിഡ് രംഗത്തെത്തി.

റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് നേതൃത്വം നൽകുന്ന യൂറോപ്യൻ സൂപ്പർ ലീഗ് പദ്ധതികളെ പൂർണമായും എതിർക്കുന്ന വ്യക്തിയാണ് ലാ ലിഗ പ്രസിഡന്റായ ഹാവിയർ ടെബാസ്. സൂപ്പർ ലീഗിനെ ചെറുക്കുകയെന്ന ലക്ഷ്യം കൂടി മുൻനിർത്തി ലാ ലിഗ കൊണ്ടുവന്ന സിവിസി കരാറിനെ റയൽ മാഡ്രിഡ് അടക്കം നാല് ക്ലബുകൾ എതിർത്തെങ്കിലും ഭൂരിപക്ഷം ക്ലബുകൾ അതിനെ പിന്തുണച്ചത് പെരസിനു തിരിച്ചടിയായിരുന്നു.

ലാ ലിഗയുടെ അപ്രമാദിത്വം അവസാനിപ്പിക്കുന്നതിനും ക്ലബുകൾക്ക് കൂടുതൽ അധികാരം ലഭിക്കുന്ന ലീഗിലേക്ക് ചേക്കേറുന്നതിന്റെയും ഭാഗമായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മത്സരിക്കുന്നതിനെ കുറിച്ചാണ് റയൽ മാഡ്രിഡ് നിലവിൽ ആലോചിച്ചു കൊണ്ടിരിക്കുന്നതെന്നും ഇതിനു പുറമെ ജർമൻ ലീഗ്, ഇറ്റാലിയൻ ലീഗ് എന്നിവയും ലോസ് ബ്ലാങ്കോസിന്റെ പരിഗണനയിലുണ്ടെന്നും മുണ്ടോ ഡിപോർട്ടിവോയുടെ റിപ്പോർട്ട് പറയുന്നു.

അതേസമയം ഇന്നു പുറത്തിറക്കിയ പ്രസ്‌താവനയിൽ ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് റയൽ മാഡ്രിഡ് വ്യക്തമാക്കി. മുണ്ടോ ഡിപോർറ്റീവോ പുറത്തുവിട്ട ഇത് സംബന്ധിച്ച് റിപ്പോർട്ട് പൂർണമായും തെറ്റാണെന്നും, അത് ക്ലബ്ബിനെ അസ്വസ്ഥമാക്കാൻ ലക്ഷ്യമിടുന്ന ഒന്നാണെന്നും സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ട പ്രസ്‌താവനയിലൂടെ റയൽ മാഡ്രിഡ് പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറിയാൽ റയൽ മാഡ്രിഡിന് കനത്ത സാമ്പത്തിക ഉത്തേജനം നൽകുമെങ്കിലും ബ്രിട്ടൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പുറത്തു കടന്ന 'ബ്രെക്‌സിറ്റ്' പദ്ധതികൾ സങ്കീർണമാക്കും. എന്നാൽ റയൽ മാഡ്രിഡ് തന്നെ ഇക്കാര്യം നിഷേധിച്ചതോടെ ഇനിയെന്താണ് പെരസിന്റെയും സംഘത്തിന്റെയും നീക്കമെന്ന് കണ്ടറിയേണ്ടതാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit