യൂറോപ്പിലെ രാജാക്കന്മാരെന്ന് വിശേഷിക്കപ്പെടുന്നത് എന്ത് കൊണ്ടെന്ന് വിളിച്ചോതുന്ന പ്രകടനവുമായി റയൽ മാഡ്രിഡ്

പാരീസിൽ വെച്ച് നടന്ന പിഎസ്‌ജിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി. രണ്ടാം പാദ മത്സരത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ ഒരു ഗോളിന് പിന്നിൽ. റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തേക്കെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ. പക്ഷെ, സാന്റിയാഗോ ബെർണാബ്യൂവിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ, മാഡ്രിഡിൽ ആഘോഷരാവായിരുന്നു.
കരിം ബെൻസിമയുടെ ഹാട്രിക്കിന്റെ ബലത്തിൽ പിഎസ്‌ജിയെ 3-1ന് തകർത്ത റയൽ, തോൽവിയുടെ പടുകുഴിയിൽ നിന്നും കരകയറി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
ആദ്യ പാദത്തിൽ കണ്ടതിൽ നിന്ന് വ്യത്യസ്തമായ റയലിനെയായിരുന്നു രണ്ടാം പാദത്തിന്റെ തുടക്കം മുതൽ കാണാനായത്. വിജയത്തിൽ കുറഞ്ഞതൊന്നും അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ മതിയാകില്ലെന്ന ബോധ്യമുണ്ടായിരുന്ന റയൽ തുടക്കം മുതൽ കനത്ത പ്രെസിങ് ആണ് കാഴ്ചവെച്ചത്. എങ്കിലും, ആദ്യ പകുതിയിൽ സുവർണാവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തതും, ഒരു ക്ലിനിക്കൽ ഫിനിഷിലൂടെ എംബാപ്പെ പിഎസ്‌ജിയെ മുന്നിലെത്തിച്ചതും റയലിന് തിരിച്ചടിയായി.
എന്നാൽ, വിട്ടുകൊടുക്കില്ലെന്ന മനോവീര്യവുമായി ഇടവേളക്ക് ശേഷം കളത്തിലിറങ്ങിയ റയൽ, രണ്ടാം പകുതിയിലെ 17 മിനിറ്റുകൾക്കിടെ മൂന്ന് ഗോളുകൾ നേടിയാണ് വിജയം കരസ്ഥമാക്കിയത്. ചാമ്പ്യൻസ് ലീഗിൽ മറ്റേത് ക്ലബിനെക്കാളും പരിചയസമ്പത്ത് ഉള്ള റയൽ, 61, 76, 78 മിനിറ്റുകളിൽ ബെൻസിമയിലൂടെയാണ് മത്സരത്തിലെ മൂന്ന് ഗോളുകൾ നേടിയത്.
സ്കോർലൈൻ 3-1ൽ നിൽക്കെ, മത്സരത്തിന്റെ നിയന്ത്രണം നിലനിറുത്തി, തിരിച്ചുവരാനുള്ള പിഎസ്‌ജിയുടെ ശ്രമങ്ങളെയും മോഹങ്ങളെയും തച്ചുടച്ചത് റയലിന്റെ പരിചയസമ്പത്തിന്റെ തെളിവാണ്.
തിരിച്ചുവരില്ലെന്ന് കരുതിയിടത്ത് നിന്ന്, മെസ്സിയും നെയ്മറും എംബാപ്പെയുമടങ്ങുന്ന താരനിബിഢമായ പിഎസ്‌ജിയെ വീഴ്ത്തിയ റയൽ, എന്ത് കൊണ്ടാണ് തങ്ങൾ 'യൂറോപ്പിലെ രാജാക്കന്മാർ' എന്ന് വിശേഷിക്കപ്പെടുന്നത് വിളിച്ചോതുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. തങ്ങളെ എഴുതിതള്ളരുതെന്ന ശക്തമായ സന്ദേശവും റയലിന്റെ പ്രകടനം നൽകുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.