Football in Malayalam

റൊണാൾഡോയെ റയൽ മാഡ്രിഡിലെത്തിച്ചത് വലിയ വിജയമായിരുന്നുവെന്ന് ക്ലബിന്റെ മുൻ പ്രസിഡന്റ്

Sreejith N
TOPSHOT-FBL-ESP-FRAUD-RONALDO
TOPSHOT-FBL-ESP-FRAUD-RONALDO / OSCAR DEL POZO/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയെ അന്നത്തെ റെക്കോർഡ് ട്രാൻസ്‌ഫറിൽ റയൽ മാഡ്രിഡ് എത്തിച്ചത് വലിയ വിജയമായിരുന്നുവെന്ന് ക്ലബിന്റെ മുൻ പ്രസിഡന്റായ റാമോൺ കാൽഡെറോൺ. ഏതാണ്ട് 94 മില്യൺ യൂറോ മുടക്കി പോർച്ചുഗീസ് താരത്തെ റയൽ മാഡ്രിഡിൽ എത്തിച്ചത് ക്ലബ്ബിനെ സംബന്ധിച്ച് വില കുറഞ്ഞ ട്രാൻസ്‌ഫറും എന്നാൽ വലിയ വിജയവും ആയിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

"വ്യക്തിപരമായും കൂട്ടായും, ലഭിച്ച ഫലങ്ങളെ അടിസ്ഥാനമാക്കി നോക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയൽ മാഡ്രിഡിലേക്ക് കൊണ്ടു വന്നത് വിജയം നേടിയ ഒരു പന്തയവും സംശയമില്ലാത്ത ഒരു വിജയവും ആയിരുന്നു. എന്നാൽ എനിക്കതിൽ യാതൊരു നേട്ടവുമില്ലായിരുന്നു. എന്റെ സ്ഥാനത്ത് ഏതൊരു പ്രസിഡന്റും ചെയ്യാൻ ആഗ്രഹിക്കുന്നത് ഞാൻ ചെയ്‌തു, അതൊരു വിജയവും ആയിരുന്നു."

"മാഞ്ചസ്റ്റർ യുണൈറ്റഡിനെ അത് ബോധ്യപ്പെടുത്തുക എളുപ്പമല്ലായിരുന്നു എങ്കിലും ഞങ്ങൾക്ക് നഷ്ടപ്പെടുത്താൻ കഴിയാത്തൊരു അസാധാരണ അവസരമായിരുന്നു അത്. താരത്തിന്റെ തീരുമാനം കാര്യങ്ങൾ വളരെ എളുപ്പമാക്കി. യുണൈറ്റഡിനത് ആവശ്യത്തിൽ അധികമായിരുന്നു എങ്കിലും ഞങ്ങളുടെ ചരിത്രത്തിൽ അത് ഏറ്റവും വിലകുറഞ്ഞ ഒരു വിജയമായി മാറി," മുണ്ടോ ഡിപോർറ്റീവോയോട് കാൽഡെറോൺ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും റയൽ മാഡ്രിഡിലേക്ക് എത്തി ഒൻപതു വർഷങ്ങൾ കൊണ്ട് ഐതിഹാസികമായ ഒരു കരിയർ പടുത്തുയർത്തിയാണ് റൊണാൾഡോ സ്‌പാനിഷ്‌ ക്ലബ് വിടുന്നത്. ഒൻപതു വർഷങ്ങൾ കൊണ്ട് 438 മത്സരങ്ങളിൽ നിന്നും 451 ഗോളുകൾ നേടി ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ ആയി മാറിയ റൊണാൾഡോ നാല് ചാമ്പ്യൻസ് ലീഗ് ക്ലബിനു നേടിക്കൊടുത്തതിനൊപ്പം നാല് ബാലൺ ഡി ഓറും സ്വന്തമാക്കിയിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit