റുഡിഗറെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്നും റയൽ മാഡ്രിഡ് പുറകോട്ട്

Sreejith N
Chelsea v Liverpool - Premier League
Chelsea v Liverpool - Premier League / Catherine Ivill/GettyImages
facebooktwitterreddit

ചെൽസി പ്രതിരോധതാരമായ അന്റോണിയോ റുഡിഗറെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്നും റയൽ മാഡ്രിഡ് പുറകോട്ടു പോകുന്നു. സ്‌പാനിഷ്‌ മാധ്യമമായ എൽ ചിരിങ്കുയിറ്റോയുടെ ട്വിച്ച് ഷോയിൽ ജേർണലിസ്റ്റായ ജോസെ ലൂയിസ് സാഞ്ചെസ് വെളിപ്പെടുത്തിയതിനെ അടിസ്ഥാനമാക്കി മാർക്കയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന ജർമൻ താരത്തിനായി റയൽ മാഡ്രിഡ് സജീവമായി രംഗത്തുണ്ടായിരുന്നു. താരത്തിന്റെ പ്രതിനിധികളുമായി ലോസ് ബ്ലാങ്കോസ് ചർച്ചകൾ നടത്തുകയും ചെയ്‌തെങ്കിലും പരിശീലകനായ കാർലോ ആൻസലോട്ടിയുടെ കൂടി അഭിപ്രായങ്ങൾ മാനിച്ചാണ് റുഡിഗറെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്നും റയൽ മാഡ്രിഡ് പുറകോട്ടു പോകുന്നത്.

നിലവിൽ റയൽ മാഡ്രിഡിൽസെന്റർ ബാക്കുകളായി കളിക്കുന്ന എഡർ മിലിറ്റാവോ, ഡേവിഡ് അലബ എന്നിവരുടെ കൂട്ടുകെട്ടിൽ കാർലോ ആൻസലോട്ടി വളരെ തൃപ്‌തനാണു എന്നതാണ് റുഡിഗറെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ റയൽ മാഡ്രിഡ് തണുപ്പിക്കാൻ പ്രധാന കാരണം. ഇതിനു പുറമെ ജർമൻ താരം ആവശ്യപ്പെടുന്ന പ്രതിഫലമടക്കമുള്ള കനത്ത ഡിമാൻഡുകളും റയലിന്റെ താൽപര്യം കുറയാൻ കാരണമായി.

ട്രാൻസ്‌ഫർ നീക്കങ്ങളിൽ നിന്നും ലോസ് ബ്ലാങ്കോസ് പുറകോട്ടു പോയത് റയൽ മാഡ്രിഡിലെത്തുകയെന്ന റുഡിഗറുടെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ്. ഇരുപത്തിയെട്ടുകാരനായ താരം റയൽ മാഡ്രിഡിലുള്ള പല താരങ്ങളുമായും തന്റെ ട്രാൻസ്‌ഫറിനെ കുറിച്ച് ചർച്ച ചെയ്‌തിരുന്നുവെന്നും മാർക്കയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം കഴിഞ്ഞ സീസണിൽ ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കാൻ പ്രധാന കാരണമായ ജർമൻ താരത്തിനെക്കൊണ്ട് പുതിയ കരാർ ഒപ്പിടീക്കാൻ ചെൽസി സജീവമായ ശ്രമങ്ങൾ നടത്തി വരികയാണ്. എന്നാൽ ക്ലബിനൊപ്പം തുടരാൻ ആഴ്‌ചയിൽ രണ്ടു ലക്ഷം പൗണ്ടെന്ന കനത്ത തുകയാണ് താരം ആവശ്യപ്പെടുന്നതെന്നത് ഇതിനു തടസം നിൽക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit