Football in Malayalam

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ എഡിൻസൺ കവാനിയെ ലോൺ കരാറിൽ ടീമിലെത്തിക്കുന്നത് പരിഗണിച്ച് റയൽ മാഡ്രിഡ്

By Krishna Prasad
Manchester United v Villarreal - UEFA Champions League
Manchester United v Villarreal - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ എഡിൻസൺ കവാനിയെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ലോൺ കരാറിൽ ടീമിലെത്തിക്കാൻ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് പദ്ധതിയിടുന്നുണ്ടെന്ന് റിപോർട്ടുകൾ.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കെയ്‌ലിൻ എംബാപ്പയെ പിഎസ്‌ജിയിൽ നിന്നും സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ പരാജയപ്പെട്ട റയൽ മാഡ്രിഡിന് വേണ്ടി കരീം ബെൻസിമ മികച്ച ഫോമിലാണെങ്കിലും, ലൂക്ക ജോവിച്ച്, റോഡ്രിഗോ എന്നിവർ പ്രതീക്ഷക്കൊത്തുയരാത്തത് ആശങ്കാജനകമാണ്.

കഴിഞ്ഞ സമ്മറിൽ കവാനി, ഔബ്മയാങ് എന്നിവരെ സ്വന്തമാക്കുന്ന കാര്യം റയൽ മാഡ്രിഡ് പരിഗണിച്ചിരുന്നുവെങ്കിലും, അവരെ വേണ്ട എന്ന നിലപാടായിരുന്നു ക്ലബ് പരിശീലകൻ കാർലോ ആൻസലോട്ടി സ്വീകരിച്ചിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ആക്രമണനിരയുടെ ശക്തി കൂട്ടാൻ ഒരു പുതിയ മുന്നേറ്റ താരത്തിനെ അന്വേഷിക്കുകയാണ് റയൽ.

എൽ നാഷണലിന്റെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് പ്രസിഡൻറ് ഫ്ലോറന്റീനോ പെരെസ് ജനുവരിയിൽ കവാനിയെ ടീമിൽ എത്തിക്കുവാനുള്ള നീക്കങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള തന്റെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയെങ്കിലും, ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലേക്ക് മടങ്ങിവന്നത് ഇംഗ്ലീഷ് ക്ലബിലെ കവാനിയുടെ സ്ഥാനത്തിന് ഭീഷണിയാണ്. അതിനാൽ തന്നെ, താരം ക്ലബ് വിടാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

അടുത്ത സമ്മറിൽ എംബാപ്പയെ ഫ്രീ ട്രാൻസ്ഫറിൽ തങ്ങളുടെ ടീമിലെത്തിക്കാൻ ലക്ഷ്യമിടുന്ന റയൽ, ഒരു താത്കാലിക ഓപ്‌ഷനായി കവാനിയെ ടീമിലെത്തിക്കാനാവും പദ്ധതിയിടുന്നത്. റൊണാൾഡോ യുണൈറ്റഡിൽ എത്തിയതും ഇക്കാര്യത്തിൽ റയലിന്റെ പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്.


facebooktwitterreddit