ബെൻസിമക്കു ബാക്കപ്പായി പരിചയസമ്പന്നനായ സ്‌ട്രൈക്കറെ റയൽ മാഡ്രിഡിനു വേണം, സീരി എ താരം പരിഗണനയിൽ

Real Madrid Want An Experienced Striker As Benzema Substitute
Real Madrid Want An Experienced Striker As Benzema Substitute / Denis Doyle/GettyImages
facebooktwitterreddit

സ്‌ട്രൈക്കറായ കരിം ബെൻസിമ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത് എന്നതിനാൽ തന്നെ ഈ സമ്മറിൽ ആ പൊസിഷനിലേക്ക് ഒരു വമ്പൻ സൈനിങ്‌ റയൽ മാഡ്രിഡ് നടത്തിയിട്ടില്ല. നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാലൻഡുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും ഫ്ലോറന്റീനോ പെരസ് തന്നെ അക്കാര്യം നിഷേധിച്ചിരുന്നു.

"ഞങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച നമ്പർ 9 താരം ഇപ്പോൾ ടീമിനൊപ്പമുണ്ട്. അതിനാൽ തന്നെ എർലിങ് ഹാലൻഡിനെ സ്വന്തമാക്കി അവനെ ബെഞ്ചിലിരുത്താൻ ഒരുക്കമല്ല." മുൻപ് ഹാലാൻഡുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ എൽ ചിരിങ്കുയിറ്റൊ ടിവിയോട് പ്രതികരിക്കുമ്പോൾ പെരസ് പറഞ്ഞത് ഇതായിരുന്നു. ഹാലൻഡിനെ പിന്നീട് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുകയും ചെയ്‌തു.

ബെൻസിമ തന്നെ പ്രധാന സ്‌ട്രൈക്കറായി തുടരുമെങ്കിലും സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് താരത്തിന് ബാക്കപ്പായി ഒരു പരിചയസമ്പന്നനായ ഫോർവേഡിനെ കൊണ്ടു വരാൻ റയൽ മാഡ്രിഡ് ആഗ്രഹിക്കുന്നുണ്ട്. നിലവിൽ ബെൻസിമയുടെ ബാക്കപ്പായി കളിക്കുന്ന ലൂക്ക ജോവിച്ച്, മരിയാനോ ഡയസ് എന്നിവർ ഈ സമ്മറിൽ തന്നെ ക്ലബ് വിടാനുമാണ് സാധ്യത കൂടുതൽ.

സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇറ്റാലിയൻ ക്ലബായ ഇന്റർ മിലൻറെ സ്‌ട്രൈക്കറായ എഡിൻ സീക്കോയാണ് റയൽ മാഡ്രിഡിന്റെ റഡാറിലുള്ള പ്രധാന താരം. മുപ്പത്തിയാറു വയസായെങ്കിലും കഴിഞ്ഞ സീസണിൽ 17 ഗോളുകൾ ഇന്റർ മിലാനു വേണ്ടി നേടിയ താരം അതിനു അനുയോജ്യനാകുമെന്ന് റയൽ നേതൃത്വം കരുതുന്നു. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരം ഈ സമ്മറിൽ ഇന്റർ വിടാൻ ഒരുങ്ങുകയുമാണ്.

പരിശീലകൻ ആൻസലോട്ടിയുടെ സമ്മതം കൂടി ലഭിച്ചാൽ ബോസ്‌നിയൻ താരം റയൽ മാഡ്രിഡിൽ എത്തുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ ചെൽസി താരം അന്റോണിയോ റുഡിഗാർ, മൊണാക്കോ താരം ചുവാമെനി എന്നിവരുടെ ട്രാൻസ്‌ഫർ റയൽ മാഡ്രിഡ് പൂർത്തിയാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.