നൂറു മില്യൺ യൂറോയുടെ ട്രാൻസ്‌ഫർ, ചുവാമെനിയെ സ്വന്തമാക്കിയതു സ്ഥിരീകരിച്ച് റയൽ മാഡ്രിഡ്
By Sreejith N

മൊണാക്കോയുടെ ഫ്രഞ്ച് മധ്യനിര താരമായ ഒറേലിയൻ ചുവാമെനിയെ സ്വന്തമാക്കിയത് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു. ആറു വർഷത്തെ കരാറിലാണ് ഇരുപത്തിരണ്ടു വയസുള്ള താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറിയിരിക്കുന്നത്. അന്റോണിയോ റുഡിഗറെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കിയതിനു പിന്നാലെയാണ് റയൽ മാഡ്രിഡ് ചുവാമെനിയെയും ടീമിലെത്തിച്ചത്.
ജൂൺ 14 ചൊവ്വാഴ്ച്ചയാണ് നൂറു മില്യൺ യൂറോ നൽകി സ്വന്തമാക്കിയ താരത്തെ റയൽ മാഡ്രിഡ് ആരാധകരുടെ മുന്നിൽ അവതരിപ്പിക്കുക. ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്‌ജി എന്നീ ടീമുകളുടെ വെല്ലുവിളി മറികടന്ന് യൂറോപ്പിൽ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന, മൂല്യമുള്ള താരത്തിന്റെ സൈനിങ് നടത്താൻ കഴിഞ്ഞത് റയൽ മാഡ്രിഡിന് വലിയ നേട്ടമാണ്.
#WelcomeTchouaméni pic.twitter.com/b6xdzmw4p1
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) June 11, 2022
ഇക്കഴിഞ്ഞ സീസണിൽ മൊണാക്കോയെ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് ചുവാമെനി. 35 ലീഗ് മത്സരങ്ങളും പതിനൊന്നു യൂറോപ്യൻ മത്സരങ്ങളിലും കളത്തിലിറങ്ങിയ ഡിഫെൻസിവ് മിഡ്‌ഫീൽഡിൽ കളിക്കുന്ന താരം രണ്ടു ഗോളുകൾ നേടുകയും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്.
ഫ്രാൻസിലെ തന്നെ ക്ലബായ ബോർഡിയൂവിലൂടെ സീനിയർ കരിയർ ആരംഭിച്ച ചുവാമെനിയെ മുപ്പത്തിയേഴു മത്സരങ്ങൾ അവർക്കു വേണ്ടി കളിച്ചതിനു ശേഷം 2020ലാണ് മൊണാക്കോ സ്വന്തമാക്കുന്നത്. ഫ്രാൻസ് ദേശീയ ടീമിനായി പത്ത് മത്സരങ്ങൾ കളിച്ചിട്ടുള്ള താരം നിലവിൽ നേഷൻസ് ലീഗ് മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.