Football in Malayalam

ജനുവരി ജാലകത്തിൽ ട്രാൻസ്‌ഫർ സംബന്ധിച്ച തീരുമാനമെടുത്തത് കാർലോ ആൻസലോട്ടി, ചില താരങ്ങൾ പുറത്തു പോകുമെന്നുറപ്പായി

Sreejith N
Granada CF v Real Madrid CF - La Liga Santander
Granada CF v Real Madrid CF - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

വരാനിരിക്കുന്ന ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിനെ പുതുക്കിപ്പണിയുന്ന കാര്യത്തിൽ തീരുമാനമെടുത്തത് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. അവസരങ്ങൾ കുറഞ്ഞതു മൂലം ടീമിൽ സംതൃപ്തരല്ലാത്ത ഏതാനും താരങ്ങളെ ജനുവരിയിൽ മറ്റു ക്ലബുകളിലേക്ക് ചേക്കേറാൻ അനുവദിക്കും എന്നു വ്യക്തമാക്കിയ അദ്ദേഹം പുതിയ താരങ്ങൾ ടീമിലേക്ക് വരില്ലെന്നും പറഞ്ഞു.

രണ്ടാം തവണയും റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിയുടെ കീഴിൽ മികച്ച പ്രകടനമാണ് ടീം നടത്തുന്നത്. പതിനാലു മത്സരങ്ങൾ പൂർത്തിയായപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ടീം ചാമ്പ്യൻസ് ലീഗിലും മികവു കാണിക്കുന്നു. ഈ സീസണിൽ സാധ്യമായ എല്ലാ കിരീടങ്ങളും നേടാൻ ജനുവരിയിൽ പുതിയ താരങ്ങൾ ടീമിലെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതിനുള്ള സാധ്യതകളെ ആൻസലോട്ടി തള്ളിക്കളഞ്ഞു.

"എനിക്ക് ജനുവരി സൈനിങ്‌ അത്രയിഷ്ടമല്ല. ടീമിനുള്ളിൽ അസംതൃപ്‌തരായ താരങ്ങൾ ഞങ്ങൾക്കുണ്ടെങ്കിൽ അതേക്കുറിച്ച് ചിന്തിക്കാം, പക്ഷെ ഞങ്ങൾ ആരെയും സ്വന്തമാക്കാൻ പോകുന്നില്ല. ഈ സീസണിന്റെ അവസാനം വരെ പൊരുതാനുള്ള വിഭവങ്ങൾ ഞങ്ങൾക്കിപ്പോഴുണ്ട്." ലാ ലിഗ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ ആൻസലോട്ടി പറഞ്ഞു.

അവസരങ്ങൾ കുറയുന്നതു മൂലം ഇസ്‌കോ, ഹസാർഡ് എന്നീ താരങ്ങൾ ടീമിൽ തൃപ്തരല്ലെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ഹസാർഡ് ടീമിലേക്കുള്ള തിരിച്ചു വരവിന്റെ പാതയിലാണെന്നു പറഞ്ഞ ആൻസലോട്ടി പക്ഷെ ഫിറ്റ്നസിന്റെ കാര്യത്തിൽ താരം ഇനിയും മെച്ചപ്പെടണമെന്നു വ്യക്തമാക്കി. പല തരത്തിലുള്ള പ്രശ്‌നങ്ങൾ താരത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിന്റർ ജാലകത്തിൽ ഇസ്‌കോ ടീം വിടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഈ സീസണിൽ വളരെ കുറച്ച് അവസരങ്ങൾ മാത്രം ലഭിച്ച താരം മറ്റേതെങ്കിലും ടീമിലേക്ക് ചേക്കേറി അവിടെ തിളങ്ങാൻ കഴിഞ്ഞാൽ അത് ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയും തുറന്നു നൽകും.

facebooktwitterreddit