ലാ ലിഗ കിരീടത്തില്‍ റയല്‍ മാഡ്രിഡിന്റെ 35ാം മുത്തം

ലാലിഗ കിരീടം റയല്‍ മാഡ്രിഡിന് സ്വന്തം. ഇന്ന് നടന്ന മത്സരത്തില്‍ എസ്പാനിയോളിനെ പരാജയപ്പെടുത്തിയതോടെയാണ് റയല്‍ കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിനായിരുന്നു റയലിന്റെ വിജയം. 33, 43 മിനുട്ടുകളില്‍ റോഡ്രിഗോയുടെ ഇരട്ട ഗോളുകളാണ് റയലിന്റെ ജയത്തില്‍ നിര്‍ണായകമായത്. 55ാം മിനുട്ടില്‍ മാര്‍ക്കോ അസെന്‍സിയോയും റയല്‍ മാഡ്രിഡിനായി ഗോള്‍ സ്വന്തമാക്കി. 81ാം മിനുട്ടില്‍ കരീം ബെന്‍സേമയിലൂടെയാണ് റയല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
34 മത്സരങ്ങളില്‍ നിന്ന് 81 പോയിന്റാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള സെവിയ്യക്ക് 64 പോയിന്റാണുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിച്ചാലും സെവിയ്യക്ക് റയല്‍ മാഡ്രിഡിനെ മറിടകടക്കാന്‍ കഴിയില്ല. ഇതിനെ തുടര്‍ന്നായിരുന്നു റയല്‍ ലാലിഗ കിരീടം സ്വന്തമാക്കിയത്.
ലീഗില്‍ റയല്‍ മാഡ്രിഡിന് ഇനിയും നാലു മത്സരങ്ങള്‍ ബാക്കിയുണ്ട്. റയല്‍ മാഡ്രിഡിന്റെ 35ാം ലാലിഗ കിരീട നേട്ടമാണിത്. കാര്‍ലോ ആന്‍സലോട്ടിയുടെ രണ്ടാം വരവിലെ രണ്ടാം കിരീടമാണിത്. നേരത്തെ സ്പാനിഷ് സൂപ്പര്‍ കപ്പും ആന്‍സലോട്ടിക്ക് കീഴില്‍ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. ലാലിഗ കിരീടം സ്വന്തമാക്കിയതോടെ യൂറോപ്പിലെ പ്രധാന അഞ്ചു ലീഗുകളില്‍ എല്ലാ കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ പരിശീലകന്‍ എന്ന നേട്ടം സ്വന്തമാക്കാനും ആന്‍സലോട്ടിക്ക് കഴിഞ്ഞു.
സീനദിന്‍ സിദാന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം 2021ലായിരുന്നു ആന്‍സലോട്ടി റയല്‍ മാഡ്രിഡിന്റെ കിരീടവും ചെങ്കോലും രണ്ടാം തവണയും കൈയിലേന്തിയത്. നിലവില്‍ ചാംപ്യന്‍സ് ലീഗില്‍ സെമി ഫൈനലിലുള്ള റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കാനുള്ള പോരാട്ടത്തിലുമുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേയുള്ള ആദ്യ പാദത്തില്‍ പരാജയപ്പെട്ടുവെങ്കിലും സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആന്‍സലോട്ടിയും റയല്‍ മാഡ്രിഡും.