Football in Malayalam

റാമോസിന്റെ പരിക്ക് സ്ഥിരീകരിച്ച് റയൽ മാഡ്രിഡ് ; എൽ ക്ലാസിക്കോയും, ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലും നഷ്ടമായേക്കും

Gokul Manthara
Real Madrid v Atalanta Bergamo - UEFA Champions League
Real Madrid v Atalanta Bergamo - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്പെയിന് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസിന് ബാഴ്സലോണയ്ക്കെതിരെ നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോ പോരാട്ടവും, ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരങ്ങളും നഷ്ടമാകുമെന്ന് സൂചന. അന്താരാഷ്ട്ര മത്സരത്തിനിടെ താരത്തിന്റെ വലത് കാലിലെ തുടമസിലിന് പരിക്കേറ്റ വിവരം ഇന്നലെ റയൽ മാഡ്രിഡ് സ്ഥിരീകരിച്ചതോടെയാണ് ക്ലബ്ബിന്റെ വരാനിരിക്കുന്ന ചില സുപ്രധാന മത്സരങ്ങൾ റാമോസിന് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായത്.

കാൽമുട്ടിനും, തുടമസിലിനുമേറ്റ പരിക്കുകളെത്തുടർന്ന് ഈ വർഷം കാര്യമായ മത്സരങ്ങൾ കളിക്കാനായിട്ടില്ലാത്ത റാമോസ്, കഴിഞ്ഞ മാസാവസാനം ജോർജിയ, കൊസോവ ടീമുകൾക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സ്പെയിനായി കളത്തിലിറങ്ങിയിരുന്നു. ഇതിൽ കൊസോവക്കെതിരായ മത്സരത്തിൽ 86-ം മിനുറ്റിൽ മാത്രമായിരുന്നു റാമോസ് കളിക്കാനിറങ്ങിയത്. ഈ മത്സരത്തിനിടെയായിരുന്നു താരത്തിന് വീ‌ണ്ടും പരിക്കേറ്റത്.

പരിക്കിന്റെ പിടിയിലായ റാമോസിനെ ഇന്നലെ വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കുകയും, തുടർന്ന് താരത്തിന്റെ ഇടത് കാലിന്റെ തുടമസിലിന് പരിക്കുള്ളതായി സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നാലെ റയൽ മാഡ്രിഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ ഇക്കാര്യം പുറത്ത് വിടുകയും ചെയ്തു‌. എന്നാൽ താരത്തിന്റെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നോ, പരിക്കിൽ നിന്ന് മോചിതനാവാൻ എത്ര നാൾ അദ്ദേഹത്തിന് വേണ്ടി വരുമെന്നോ ക്ലബ്ബ് ഇതു വരെ വ്യക്തമാക്കിയിട്ടില്ല.

തങ്ങൾക്ക് ഏറെ നിർണായകമായ മത്സരങ്ങൾ വരാനിരിക്കെ റാമോസിന് സംഭവിച്ചിരിക്കുന്ന പരിക്ക്, ചെറുതല്ലാത്ത തലവേദനയാണ് റയൽ മാഡ്രിഡിന് നൽകുന്നത്. ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ട് പാദങ്ങളും, ഒപ്പം ബാഴ്സലോണക്കെതിരായ എൽ ക്ലാസിക്കോ മത്സരവും റാമോസിന് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായത് റയലിന്റെ ആത്മവിശ്വാസത്തേയും വല്ലാതെ ബാധിക്കും.

facebooktwitterreddit