Football in Malayalam

'റൊണാൾഡോ റയൽ മാഡ്രിഡിൽ ചരിത്രം സൃഷ്ടിച്ചു', താരം റയലിലേക്ക് വരുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സിനദിൻ സിദാൻ

Gokul Manthara
Real Madrid v Liverpool - UEFA Champions League Final
Real Madrid v Liverpool - UEFA Champions League Final / Matthew Ashton - AMA/Getty Images
facebooktwitterreddit

2020-21 സീസൺ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലെത്താതെ പുറത്തായ യുവന്റസ് വരും സമ്മറിൽ തങ്ങളുടെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നുള്ള സൂചനകൾ ശക്തമാണ്‌. ചാമ്പ്യൻസ് ലീഗ് നേടുകയെന്ന ലക്ഷ്യം വെച്ചു കൊണ്ട് 2018 ൽ വമ്പൻ തുകയ്ക്ക് റോണോയെ സ്വന്തമാക്കിയെങ്കിലും പിന്നീട് സെമി ഫൈനലിൽ പ്പോലുമെത്താൻ യുവന്റസിന് കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിൽ വൻ പ്രതിഫലം നൽകി താരത്തെ ക്ലബ്ബിൽ നിലനിർത്തേണ്ടെന്ന തീരുമാനം യുവന്റസിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാമെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവന്റസിൽ നിന്ന് പോവുകയാണെങ്കിൽ തന്റെ മുൻ ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് റോണോ‌ പോകാനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകൾ.

എൽഷെയ്ക്കെതിരായ ലാലീഗ മത്സരത്തിന് മുന്നോടിയായി ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാന് റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യം നേരിടേണ്ടി വന്നു. റൊണാൾഡോയും റയൽ മാഡ്രിഡുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ വിമുഖത പ്രകടിപ്പിച്ച സിദാൻ, നിലവിൽ യുവന്റസിന്റെ കളികാരനാണ് റൊണാൾഡോയെന്നും അത് കൊണ്ടു തന്നെ ഇപ്പോൾ ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ താൻ തയ്യാറല്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു‌. എന്നാൽ ഇതിനൊപ്പം റോണോയെ പുകഴ്ത്താൻ മടികാണിക്കാതിരുന്ന സിദാൻ, താരം ക്ലബ്ബിൽ ചരിത്രം സൃഷ്ടിച്ചവനാണെന്നും കൂട്ടിച്ചേർത്തു.

""റൊണാൾഡോ എന്താണെന്നും, അദ്ദേഹം ഇവിടെ എന്താണ് ചെയ്തതെന്നും, ഞങ്ങൾക്ക് അദ്ദേഹത്തോട് എത്ര മാത്രം സ്നേഹമുണ്ടെന്നും നിങ്ങൾക്കറിയാം. റൊണാൾഡോ ഇവിടെ ചരിത്രം സൃഷ്ടിച്ചു. അവൻ മഹാനാണ്. ഇപ്പോൾ അദ്ദേഹം യുവന്റസിന്റെ കളികാരനാണ്. മാധ്യമങ്ങൾ പറയുന്ന കാര്യത്തെക്കുറിച്ച് എനിക്ക് സംസാരിക്കാനാവില്ല. അവൻ യുവന്റസ് താരമാണ്. എനിക്ക് ഇത്തരം കാര്യങ്ങളെ മാനിക്കേണ്ടതുണ്ട്." "

സിനദിൻ സിദാ‌ൻ

അതേ‌ സമയം 2009 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റയൽ മാഡ്രിഡിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 2018 ൽ ക്ലബ്ബ് വിടുന്നത് വരെ അവരുടെ ഏറ്റവും പ്രധാന താരമായിരുന്നു. റയൽ ജേഴ്സിയിൽ കളിക്കാനിറങ്ങിയ 438 മത്സരങ്ങളിൽ 450 ഗോളുകൾ നേടിയ റോണോ, ക്ലബ്ബിന്റെ എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരൻ കൂടിയാണ്.

facebooktwitterreddit