സെവിയ്യക്കെതിരെ തിരിച്ചടിച്ച് വിജയം നേടിയ റയൽ മാഡ്രിഡ് ലാ ലിഗ കിരീടത്തിനരികെ, ബാഴ്സയുടെ മോഹങ്ങൾ പൊലിയുന്നു


സെവിയ്യക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം മൂന്നു ഗോളുകൾ തിരിച്ചടിച്ച് വിജയം നേടിയ റയൽ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടത്തിലേക്ക് അടുക്കുന്നു. സ്വന്തം മൈതാനത്ത് ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ നേടി സെവിയ്യ മുന്നിലെത്തി എങ്കിലും രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ നേടി റയൽ മാഡ്രിഡ് വിജയം പിടിച്ചെടുക്കുകയായിരുന്നു.
സെവിയ്യക്കു വേണ്ടി 21, 25 മിനിറ്റുകളിൽ ഇവാൻ റാക്കിറ്റിച്ച്, എറിക് ലമേല എന്നിവർ ഗോളുകൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ റോഡ്രിഗോ, നാച്ചോ ഫെർണാണ്ടസ് എന്നിവർ റയലിനെ ഒപ്പമെത്തിച്ചു. അതിനു ശേഷം മത്സരം തീരാനിരിക്കെ ഇഞ്ചുറി ടൈമിൽ കരിം ബെൻസിമയും വല കുലുക്കി റയൽ മാഡ്രിഡിനു വിജയം സമ്മാനിക്കുകയായിരുന്നു.
92ND MINUTE KARIM BENZEMA WINNER ?
— The Athletic (@TheAthletic) April 17, 2022
Real Madrid pull off the comeback after being down 2-0 to Sevilla thanks to who else but their star striker.
? @ESPNFCpic.twitter.com/5SuqdzrPXn
മത്സരത്തിലെ വിജയത്തോടെ 32 മത്സരങ്ങളിൽ നിന്നും 75 പോയിന്റ് നേടി റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണക്ക് 30 മത്സരങ്ങളിൽ നിന്നും 60 പോയിന്റാണുള്ളത്. ഇനി ആറു ലീഗ് മത്സരങ്ങൾ കളിക്കാൻ ബാക്കി നിൽക്കെ ചുരുങ്ങിയത് മൂന്നു വിജയമെങ്കിലും നേടിയാൽ റയൽ മാഡ്രിഡിന് കിരീടം ഉറപ്പിക്കാനാവും.
ഇനിയുള്ള മത്സരങ്ങളിൽ അത്ലറ്റികോ മാഡ്രിഡ് ഒഴികെ റയൽ മാഡ്രിഡിന് പ്രബലരായ എതിരാളികൾ ഇല്ലെന്നിരിക്കെ കിരീടം ഇത്തവണ ലോസ് ബ്ലാങ്കോസിലെത്തുമെന്നതിൽ സംശയമില്ല. സെവിയ്യക്കെതിരെ നേടിയ വിജയം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ റയൽ മാഡ്രിഡിന് കൂടുതൽ ആത്മവിശ്വാസവും നൽകും.
അതേസമയം സെവിയ്യക്കെതിരെ റയൽ മാഡ്രിഡ് വിജയം നേടിയതോടെ ലാ ലിഗ കിരീടം നേടാമെന്ന ബാഴ്സയുടെ പ്രതീക്ഷ നഷ്ടമായിട്ടുണ്ട്. യൂറോപ്പ ലീഗിലും പുറത്തു പോയതോടെ ഈ സീസൺ ബാഴ്സലോണ കിരീടങ്ങൾ ഇല്ലാതെയാവും പൂർത്തിയാക്കുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.