Football in Malayalam

ലാ ലിഗയുടെ പുതിയ നിക്ഷേപകരാറിനെ എതിർത്ത് റയൽ മാഡ്രിഡും ബാഴ്‌സലോണയും

Sreejith N
The La Liga logo with the FC Barcelona and Real Madrid Club Badges
The La Liga logo with the FC Barcelona and Real Madrid Club Badges / Visionhaus/Getty Images
facebooktwitterreddit

സ്വകാര്യകമ്പനിയായ സിവിസിയുമായുള്ള ലാ ലീഗയുടെ നിക്ഷേപകരാറിനെതിരെ എഫ്‌സി ബാഴ്‌സലോണയും റയൽ മാഡ്രിഡും രംഗത്ത്. ബുധനാഴ്‌ചയാണ്‌ സ്‌പാനിഷ്‌ ലീഗിന്റെ പത്തു ശതമാനം സിവിസി ക്യാപിറ്റൽ പാർട്നെഴ്‌സിന്റെ നിയന്ത്രണത്തിലാക്കുന്ന കരാർ ഒപ്പുവെച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇതിന്റെ ഭാഗമായി ക്ലബുകൾക്ക് സാമ്പത്തിക ഉത്തേജനം ലഭിക്കുമെങ്കിലും റയലും ബാഴ്‌സയും കരാറിനെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.

തങ്ങളുടെ അറിവോ പങ്കാളിത്തമോ ഇല്ലാതെയാണ് ലാ ലിഗ ഇത്തരമൊരു കരാറിൽ ഒപ്പിട്ടതെന്നും അതുമായി ബന്ധപ്പെട്ട നിബന്ധനകൾ പരിമിതമായി മാത്രമേ അറിഞ്ഞുള്ളൂവെന്നും റയൽ മാഡ്രിഡ് ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു. ക്ലബുകൾ അവരുടെ ഓഡിയോ വിഷ്വൽ അവകാശങ്ങൾ മൂന്നു വർഷത്തേക്കാണ് ഒപ്പിട്ടിരിക്കുന്നതെന്നും എന്നാൽ ഈ കരാർ പ്രകാരം അമ്പതു വർഷത്തേക്ക് പത്തു ശതമാനം അവകാശങ്ങൾ നൽകുന്നതടക്കമുള്ള നിരവധി കുഴപ്പങ്ങൾ റയൽ മാഡ്രിഡ് ചൂണ്ടിക്കാട്ടുന്നു.

സമാനമായ പ്രശ്‌നങ്ങൾ തന്നെയാണ് ബാഴ്‌സലോണയുടെ പ്രസ്‌താവനയിലും വ്യക്തമാകുന്നത്. ഓഡിയോവിഷ്വൽ കരാറിലെ പ്രശ്‌നങ്ങൾക്കു പുറമെ ഫുട്ബോളുമായി ബന്ധപ്പെട്ട് അനിശ്ചിതത്വങ്ങൾ എല്ലായിപ്പോഴും നിലനിൽക്കുന്നതിനാൽ അമ്പതു വർഷത്തേക്ക് കരാർ ഒപ്പിടുന്നത് സ്വീകാര്യമല്ലെന്നും ബാഴ്‌സ പറയുന്നു. നിരവധി ചോദ്യങ്ങൾ ഈ കരാറുമായി ബന്ധപ്പെട്ട് ഇപ്പോഴും ഉത്തരം നൽകാതെ ബാക്കി കിടക്കുന്നുണ്ടെന്നും ബാഴ്‌സയുടെ പ്രസ്‌താവന വ്യക്തമാക്കുന്നു.

ഈ വിഷയം കൂടുതൽ ചർച്ചക്ക് വെക്കുമെന്ന് റയൽ മാഡ്രിഡ് വ്യക്തമാക്കിയതോടെ ലാ ലീഗയുടെ നീക്കം പ്രതിസന്ധിയിലേക്ക് നീങ്ങാനുള്ള സാധ്യതകൾ വർധിക്കുകയാണ്. പുതിയ കരാറിന്റെ പ്രധാന ഗുണം അനുഭവിക്കാൻ പോകുന്നത് ബാഴ്‌സലോണ, റയൽ മാഡ്രിഡ് എന്നീ ക്ലബുകൾ ആണെന്നിരിക്കെയാണ് ഈ ക്ലബുകൾ തന്നെ ഇതിനെതിരെ രംഗത്തു വന്നിരിക്കുന്നതെന്നത് പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit