വിനീഷ്യസ് ജൂനിയറിനു ദീർഘകാല കരാർ നൽകാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നു

Sreejith N
Real Madrid CF v Deportivo Alaves - LaLiga Santander
Real Madrid CF v Deportivo Alaves - LaLiga Santander / Denis Doyle/GettyImages
facebooktwitterreddit

ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ബ്രസീലിയൻ വിങ്ങർ വിനീഷ്യസ് ജൂനിയറിനു ദീർഘകാല കരാർ നൽകാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നു. ബ്രസീലിയൻ ക്ലബായ ഫ്ലമംഗോയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് 2018ൽ വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ ചേക്കേറിയ താരം തുടക്കത്തിൽ പതറിയെങ്കിലും കാർലോ ആൻസലോട്ടി പരിശീലകനായി വന്നതിനു ശേഷം ടീമിലെ പ്രധാന കളിക്കാരനായി മാറാൻ കഴിഞ്ഞിരുന്നു.

ഈ സീസണിലിതു വരെ മുപ്പത്തിരണ്ട് മത്സരങ്ങളിൽ റയൽ മാഡ്രിഡിനു വേണ്ടി കളത്തിലിറങ്ങിയ ഇരുപത്തിയൊന്നു വയസുള്ള താരം 16 ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തമാക്കി. താരത്തിന്റെ പ്രകടനത്തിന്റെ നിലവാരം ക്രമാനുഗതമായി ഉയരുന്നതു കണക്കാക്കിയാണ് റയൽ മാഡ്രിഡ് ദീർഘകാലത്തേക്ക് വിനീഷ്യസിനെ ക്ലബിനൊപ്പം നിലനിർത്താൻ ഒരുങ്ങുന്നത്.

ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് നേതൃത്വം 2027 വരെയാണ് വിനീഷ്യസിന്റെ കരാർ പുതുക്കാൻ ഒരുങ്ങുന്നത്. വിനീഷ്യസിന്റെ നിലവിലുള്ള കരാർ 2025 വരെയുണ്ടെങ്കിലും പ്രതിഫലമടക്കമുള്ളവ വർധിപ്പിച്ച് താരം നടത്തുന്ന പ്രകടനത്തെ പരിഗണിക്കാൻ റയൽ മാഡ്രിഡ് നേതൃത്വം തയ്യാറെടുക്കുന്നു. അടുത്തു തന്നെ ഇതു സംബന്ധിച്ച ചർച്ചകളും നടത്തും.

റയൽ മാഡ്രിഡിന്റെ ഭാവി പദ്ധതികളിൽ വളരെ പ്രധാനപ്പെട്ട ഒരു താരമായാണ് വിനീഷ്യസ് ജൂനിയർ കണക്കാക്കപ്പെടുന്നത്. പ്രായം വളരെ കുറവായതിനാൽ താരം ഇനിയും സാങ്കേതികമായി മെച്ചപ്പെടുമെന്നും അവർ കരുതുന്നു. കുറച്ചു നാളുകളായി ഗോൾ നേടാൻ കഴിയാതിരുന്ന താരം കഴിഞ്ഞ ദിവസം അലാവാസുമായി നടന്ന ലാ ലിഗ മത്സരത്തിൽ ഗോൾ കണ്ടെത്തുകയും ചെയ്‌തിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit