Football in Malayalam

ആൻസലോട്ടിയേക്കാൾ റയൽ മാഡ്രിഡ് പരിഗണിച്ചിരുന്നത് മൗറീന്യോയെ, പോർച്ചുഗീസ് പരിശീലകനുമായി ചർച്ചകൾ നടത്തിയിരുന്നു

Sreejith N
FBL-ENG-PR-EVERTON-TOTTENHAM
FBL-ENG-PR-EVERTON-TOTTENHAM / JON SUPER/Getty Images
facebooktwitterreddit

റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്തേക്ക് കാർലോ ആൻസലോട്ടിയുടെ തിരിച്ചുവരവ് ഏവരെയും അമ്പരിപ്പിക്കുന്ന ഒന്നായിരുന്നു. 2013 മുതൽ 2015 വരെ റയൽ മാഡ്രിഡ് പരിശീലകനായിരുന്ന് ഒരു ചാമ്പ്യൻസ് ലീഗടക്കം ഏതാനും കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ആൻസലോട്ടിയുടെ റയലിലേക്കുള്ള തിരിച്ചു വരവ് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളത്. സമീപ വർഷങ്ങളിലൊന്നും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇറ്റാലിയൻ പരിശീലകന് കഴിഞ്ഞിട്ടില്ലെന്നതു തന്നെയാണ് അതിനു കാരണം.

എന്നാൽ സിദാൻ സ്ഥാനമൊഴിഞ്ഞതോടെ പകരക്കാരനെ തിരഞ്ഞിരുന്ന റയൽ മാഡ്രിഡിന്റെ പ്രധാന പരിഗണന ആൻസലോട്ടി അല്ലായിരുന്നുവെന്നാണ് ദി ടെലെഗ്രാഫിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റയൽ മാഡ്രിഡിന്റെ മുൻ പരിശീലകനും കഴിഞ്ഞ സീസണിനിടെ ടോട്ടനം ഹോട്സ്‌പറിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്‌ത ഹോസെ മൗറീന്യോയെയാണ് റയൽ സിദാന് പകരക്കാരനായി ടീമിലെത്തിക്കാൻ ശ്രമിച്ചത്.

ഏപ്രിലിൽ ടോട്ടനത്തിൽ നിന്നും പുറത്താക്കപ്പെട്ട മൗറീന്യോ വളരെ പെട്ടന്നു തന്നെ ഇറ്റാലിയൻ ക്ലബായ റോമയുടെ അടുത്ത സീസണിലേക്കുള്ള പരിശീലകനായി നിയമിക്കപ്പെട്ടെങ്കിലും റയൽ മാഡ്രിഡ് അദ്ദേഹത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ മൗറീന്യോയുടെ ക്യാംപിൽ നിന്നും അനുകൂലമല്ലാത്ത മറുപടി ലഭിച്ചതു കൊണ്ടാണ് റയൽ അതിൽ നിന്നും പിന്തിരിഞ്ഞ് ആൻസലോട്ടിയെ ടീമിലെത്തിക്കാൻ തീരുമാനിച്ചത്.

റയൽ മാഡ്രിഡിനൊപ്പം 2010 മുതൽ 2013 വരെ പരിശീലകനായിരുന്ന മൗറീന്യോ ഒരു ലാ ലിഗയും കോപ്പ ഡെൽ റേയുമടക്കം വളരെ കുറച്ച് നേട്ടങ്ങളെ സ്വന്തമാക്കിയിട്ടുള്ളൂ എങ്കിലും റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന് വളരെയധികം താൽപര്യമുള്ള വ്യക്തിയാണ്. തനിക്ക് റയലിലേക്ക് തിരിച്ചു കൊണ്ടുവരാൻ താൽപര്യമുള്ള പരിശീലകൻ മൗറീന്യോയാണെന്ന് പെരസ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

അതേസമയം റോമയുമായി മൂന്നു വർഷത്തെ കരാറൊപ്പിട്ട മൗറീന്യോ തന്റെ പുതിയ പ്രോജക്‌ട് ആരംഭിക്കാൻ കാത്തിരിക്കുകയാണ്. റോമ ആരാധകരുടെ ആവേശമാണ് തന്നെ ക്ലബ്ബിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചതെന്നും ടീമിനെ മികച്ച പ്രകടനത്തിലേക്ക് നയിക്കാൻ എല്ലാ കഴിവും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit