Football in Malayalam

വമ്പൻ പ്രതിഫലക്കരാറിൽ എംബാപ്പെ റയൽ മാഡ്രിഡിലേക്ക്, താരവും സ്‌പാനിഷ്‌ ക്ലബും തമ്മിൽ ധാരണയിലെത്തി

Sreejith N
Paris Saint-Germain v Stade de Reims - Ligue 1 Uber Eats
Paris Saint-Germain v Stade de Reims - Ligue 1 Uber Eats / Catherine Steenkeste/GettyImages
facebooktwitterreddit

പിഎസ്‌ജി സൂപ്പർതാരമായ കിലിയൻ എംബാപ്പെ ഈ സീസണു ശേഷം റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്ന കാര്യം ഉറപ്പായെന്നു റിപ്പോർട്ടുകൾ. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിന്റെ കോണ്ട്രാക്റ്റ് പുതുക്കാൻ പിഎസ്‌ജി സജീവമായ ശ്രമം നടത്തിയെങ്കിലും താരം അതിനു തയ്യാറാവില്ലെന്നാണ് ജർമൻ മാധ്യമമായ ബിൽഡിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ജനുവരി മുതൽ ഫ്രാൻസിനു പുറത്തുള്ള ഏതു ക്ലബുമായും പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാൻ കഴിയുന്ന എംബാപ്പെ സീസൺ അവസാനിച്ചാൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ സമ്മതം മൂളിയിട്ടുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാനുള്ള വലിയ ഭാഗ്യമാണ് റയലിനെ തേടിയെത്തിയിരിക്കുന്നത്.

അതേസമയം ഇരുപത്തിമൂന്നുകാരനായ ഫ്രഞ്ച് താരത്തിനു വേണ്ടി വമ്പൻ കരാറാണ് റയൽ മാഡ്രിഡ് നൽകുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 41.5 മില്യൺ പൗണ്ടാണ് റയൽ മാഡ്രിഡ് കരാർ വഴി ഒരു സീസണിൽ ഏംബാപ്പക്ക് പ്രതിഫലമായി ലഭിക്കുക. ഫ്രീ ഏജന്റായി റയലിലെത്തുന്നതിന്റെ സൈനിങ്‌ ബോണസും ഇതിനു പുറമെ താരത്തിന് ലഭിക്കുന്നുണ്ടാകും.

ഇക്കഴിഞ്ഞ സമ്മറിൽ തന്നെ എംബാപ്പക്കു വേണ്ടി റയൽ മാഡ്രിഡ് ശ്രമം നടത്തിയെങ്കിലും അവർ മുന്നോട്ടു വെച്ച രണ്ട് ഓഫറുകളും പിഎസ്‌ജി തഴയുകയായിരുന്നു. കരാർ പുതുക്കാൻ താരത്തെ സമ്മതിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു ഫ്രഞ്ച് ക്ലബിനെങ്കിലും അതിന്റെ സമയം കഴിഞ്ഞുപോയെന്നാണ് ബിൽഡിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഫെബ്രുവരി പതിനഞ്ചിനു റയൽ മാഡ്രിഡും പിഎസ്‌ജിയും തമ്മിൽ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടാനിരിക്കെയാണ് എംബാപ്പെ റയൽ മാഡ്രിഡുമായി കരാർ ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇതു പിഎസ്‌ജി ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ സൃഷ്‌ടിക്കുമോയെന്ന ആശങ്ക ഫ്രഞ്ച് ക്ലബിന്റെ ആരാധകർക്കുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit