Football in Malayalam

ഈ സീസണോടെ കരാർ അവസാനിക്കുന്ന ബാഴ്‌സലോണ, റയൽ മാഡ്രിഡ് ടീമുകളിലെ താരങ്ങൾ

Sreejith N
FBL-ESP-LIGA-REAL MADRID-BARCELONA
FBL-ESP-LIGA-REAL MADRID-BARCELONA / OSCAR DEL POZO/Getty Images
facebooktwitterreddit

ഫുട്ബോൾ ലോകത്തിന് കനത്ത ആഘാതമാണ് കോവിഡ് മഹാമാരി സമ്മാനിച്ചത്. കാണികൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ വിലക്കു വന്നത് പല ക്ലബുകളുടെയും വരുമാനത്തെ ബാധിക്കുകയും അത് ടീമുകളിൽ പല രീതിയിൽ പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട്. ബാഴ്‌സലോണ, റയൽ മാഡ്രിഡ് ടീമുകളെ സംബന്ധിച്ച് കോവിഡ് നൽകിയ ഏറ്റവും വലിയ പ്രതിസന്ധി അവരുടെ നായകർ തന്നെ ക്ലബ് വിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടുവെന്നതാണ്.

ഈ സീസണോടെ ബാഴ്‌സലോണയുടെയും റയൽ മാഡ്രിഡിന്റെയും നായകൻമാരുടെ കരാർ അവസാനിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ഇവർ ആഗ്രഹിക്കുന്ന പ്രതിഫലം നൽകി കരാർ പുതുക്കി ടീമിൽ നിലനിർത്താൻ കഴിയാത്തതിനാൽ ഇരുവരും ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ രണ്ടു താരങ്ങളുൾപ്പെടെ റയലിലും ബാഴ്‌സയിലുമായി ഈ സീസണ് ശേഷം കരാർ അവസാനിക്കുന്ന അഞ്ച് താരങ്ങൾ ഇവരാണ്:

1. സെർജിയോ റാമോസ് (റയൽ മാഡ്രിഡ്)

Real Madrid v Athletic de Bilbao - Spanish Super Cup
Real Madrid v Athletic de Bilbao - Spanish Super Cup / Soccrates Images/Getty Images

സെവിയ്യയിൽ നിന്നും റയൽ മാഡ്രിഡിലെത്തി ഒന്നര ദശാബ്ദത്തോളം ടീമിന്റെ മുഖമായി തുടരുന്ന സെർജിയോ റാമോസ് ഈ സീസണ് ശേഷം ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. കരാർ പുതുക്കാൻ റയലിന് മുന്നിൽ റാമോസ് മുന്നോട്ടു വെച്ച ഉപാധികൾ ക്ലബ് നേതൃത്വം അംഗീകരിച്ചില്ലെന്നു മാത്രമല്ല, ശമ്പളം കുറക്കാൻ താരത്തോട് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന റാമോസ് കൂടുതൽ പ്രതിഫലം ലഭിക്കുന്ന ക്ലബ്ബിനെ തിരഞ്ഞെടുക്കാൻ തന്നെയാണ് സാധ്യത.

2. ലയണൽ മെസി (ബാഴ്‌സലോണ)

FC Barcelona v Paris Saint-Germain  - UEFA Champions League Round Of 16 Leg One
FC Barcelona v Paris Saint-Germain - UEFA Champions League Round Of 16 Leg One / David Ramos/Getty Images

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ബാഴ്‌സലോണ വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ച താരമാണ് ലയണൽ മെസി. തന്നെ ക്ലബ് വിടാൻ അനുവദിക്കാത്തതിൽ നേതൃത്വത്തോടുള്ള രോഷം പ്രകടിപ്പിച്ച താരം പക്ഷെ ഇപ്പോൾ ടീമിൽ തുടരാനുള്ള നേരിയ സാധ്യതയുണ്ട്. മാർച്ചിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരു വിജയിച്ച് അടുത്ത പ്രസിഡന്റ് ആകുമെന്നതിനെ ആശ്രയിച്ചായിരിക്കും മെസി ബാഴ്‌സയിൽ തുടരുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. എന്തായാലും ഫ്രീ ട്രാൻസ്ഫറിൽ താരത്തെ റാഞ്ചാൻ പിഎസ്‌ജിയും മാഞ്ചസ്റ്റർ സിറ്റിയും ശ്രമിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങൾ.

3. ലൂക്ക മോഡ്രിച്ച് (റയൽ മാഡ്രിഡ്)

Real Madrid v Valencia CF - La Liga Santander
Real Madrid v Valencia CF - La Liga Santander / Gonzalo Arroyo Moreno/Getty Images

മുപ്പത്തിയഞ്ചു വയസായെങ്കിലും ഇപ്പോഴും ഏറ്റവും മികച്ച ഫോമിൽ റയൽ മാഡ്രിഡിന് വേണ്ടി കളിക്കുന്ന മോഡ്രിച്ചിനൊത്ത ഒരു പകരക്കാരനെ കണ്ടെത്താൻ റയൽ മാഡ്രിഡിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. സിദാന്റെ വിശ്വസ്‌തനായ കളിക്കാരിൽ ഒരാളായ മോഡ്രിച്ചിന്റെ കരാർ ഈ സീസണിൽ അവസാനിക്കുമെങ്കിലും താരം ക്ലബിൽ തന്നെ തുടരാനാണ് സാധ്യത. റയലിൽ വിരമിക്കാൻ ആഗ്രഹമുള്ള താരം കരാർ പുതുക്കാൻ പ്രതിഫലം കുറക്കാനും തയ്യാറായേക്കും.

4. ഓസ്‌കാർ മിൻഗുയെസ (ബാഴ്‌സലോണ)

Cornella v FC Barcelona - Copa del Rey
Cornella v FC Barcelona - Copa del Rey / Quality Sport Images/Getty Images

ലാ മാസിയയിൽ നിന്നും സീനിയർ ടീമിൽ കളിക്കാനുള്ള അവസരം ലഭിച്ചപ്പോൾ അതിനെ സമർത്ഥമായി ഉപയോഗിച്ച താരമാണ് ഓസ്‌കാർ മിൻഗുയെസ. സീനിയർ താരങ്ങളിൽ പലർക്കും പരിക്ക് പറ്റിയപ്പോൾ ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരത്തിന് റൈറ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കാൻ കഴിയും. ഈ സീസണോടെ കരാർ അവസാനിക്കുമെങ്കിലും അത് രണ്ടു വർഷത്തേക്ക് പുതുക്കാനുള്ള അവകാശം ബാഴ്‌സലോണക്കുണ്ട്.

5. ലൂകാസ് വാസ്‌ക്വസ് (റയൽ മാഡ്രിഡ്)

Real Madrid v Valencia CF - La Liga Santander
Real Madrid v Valencia CF - La Liga Santander / Quality Sport Images/Getty Images

കരാർ പുതുക്കാൻ റയൽ മാഡ്രിഡ് സജീവമായ ശ്രമങ്ങൾ നടത്തുകയും അതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്യാത്ത മറ്റൊരു താരമാണ് ലൂകാസ് വാസ്‌ക്വസ്. പ്രതിഫലം വർധിപ്പിക്കാൻ റയൽ തയ്യാറാവില്ലെന്നതും ടീമിൽ സ്ഥിരം അവസരങ്ങൾ ലഭിക്കില്ലെന്നതും കൊണ്ട് കരാർ അവസാനിച്ചാൽ വാസ്‌ക്വസ് ക്ലബ് വിടാനാണ് സാധ്യത. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കാണ് ഇരുപത്തിയൊൻപതുകാരനായ താരം ചേക്കേറാൻ സാധ്യത.

facebooktwitterreddit