സെവിയ്യ പ്രതിരോധതാരം ജൂൾസ് കൂണ്ടെക്കായി ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിൽ മത്സരം


യൂറോപ്പിലെ നിരവധി വമ്പൻ ക്ലബുകൾ തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്താൻ നോട്ടമിട്ടിരിക്കുന്ന താരമാണ് സെവിയ്യയുടെ ജൂൾസ് കൂണ്ടെ. കഴിഞ്ഞ സമ്മറിൽ തന്നെ ചെൽസി ഫ്രഞ്ച് താരത്തിനായി ശക്തമായ നീക്കങ്ങൾ നടത്തിയിരുന്നു എങ്കിലും സെവിയ്യ വലിയ തുക പറഞ്ഞതോടെ അവർ അതിൽ നിന്നും പിൻമാറുകയായിരുന്നു.
എന്നാൽ കൂണ്ടെയെ ഈ സീസണു ശേഷവും നിലനിർത്താൻ കഴിയും എന്ന കാര്യത്തിൽ സെവിയ്യക്ക് യാതൊരു പ്രതീക്ഷയും ഉണ്ടാകാൻ സാധ്യതയില്ല. നിരവധി ക്ലബുകളുടെ പ്രതിരോധം അടുത്ത സീസണിൽ പുതുക്കിപ്പണിയണം എന്നിരിക്കെ അവർ പ്രധാന ലക്ഷ്യമായി കാണുന്നത് ഇരുപത്തിമൂന്നു വയസുള്ള ഫ്രഞ്ച് താരത്തെയാണ്.
Barça and Madrid could go to war over Kounde https://t.co/wnlei1139a
— SPORT English (@Sport_EN) February 28, 2022
സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം സമ്മറിൽ ചെൽസിക്കു പുറമെ സ്പാനിഷ് ക്ളബുകളായ റയൽ മാഡ്രിഡും ബാഴ്സലോണയും കൂണ്ടേക്കായി രംഗത്തു വന്നിട്ടുണ്ട്. ഈ രണ്ടു ക്ലബുകളും താരത്തിന്റെ ഏജന്റുമായി സംസാരിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 70 മുതൽ 80 മില്യൺ യൂറോ വരെയാണ് താരത്തിനായി നൽകേണ്ടി വരിക.
ബാഴ്സലോണയെ സംബന്ധിച്ച് അടുത്ത സീസണിൽ പ്രതിരോധം മൊത്തത്തിൽ ഉടച്ചു വാർത്താൽ മാത്രമേ പ്രധാന കിരീടങ്ങൾക്കു വേണ്ടി പൊരുതാൻ കഴിയുകയുള്ളൂ എന്നതിൽ സംശയമില്ല. അതേസമയം റാമോസ്, വരാനെ എന്നിവർ ക്ലബ് വിട്ടതിന്റെ അഭാവം പൂർണമായും പരിഹരിക്കാൻ വേണ്ടിയാണ് റയൽ താരത്തെ നോട്ടമിടുന്നത്.
കൂണ്ടേക്കായി ബാഴ്സലോണ രംഗത്തുണ്ടെങ്കിലും അവരുടെ സാമ്പത്തിക സാഹചര്യങ്ങൾ വെച്ച് ഇത്രയും വലിയൊരു തുക നൽകി താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ല. ഹാലാൻഡിനായുള്ള നീക്കങ്ങൾ നടന്നില്ലെങ്കിൽ മാത്രമാകും ബാഴ്സലോണ കൂണ്ടെയെ സ്വന്തമാക്കാൻ വലിയ ശ്രമങ്ങൾ നടത്തുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.