Real Madrid News

ക്ലബ് ഇതിഹാസങ്ങളുടെ ഔദ്യോഗിക പട്ടികയിൽ ഗാരെത് ബേലിനെ ഉൾപ്പെടുത്തി റയൽ മാഡ്രിഡ്

Sreejith N
Real Madrid Add Bale To Official Legends List
Real Madrid Add Bale To Official Legends List / Soccrates Images/GettyImages
facebooktwitterreddit

ക്ലബിന്റെ എക്കാലത്തെയും ഇതിഹാസതാരങ്ങളുടെ പട്ടികയിൽ ഗാരേത് ബേലിനെ ഉൾപ്പെടുത്തി റയൽ മാഡ്രിഡ്. കരാർ അവസാനിച്ച് ഫ്രീ ഏജന്റായി വെയിൽസ്‌ താരം ക്ലബ് വിട്ടതിനു പിന്നാലെയാണ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഇതിഹാസ താരങ്ങളുടെ പട്ടികയിൽ ഗാരെത് ബേലിനേയും ഉൾപ്പെടുത്തിയത്.

2013ൽ ടോട്ടനം ഹോസ്‌പറിൽ നിന്നും അന്നത്തെ റെക്കോർഡ് തുകക്കാണ് ഗാരെത് ബേലിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഒൻപതു വർഷം നീണ്ട കരിയറിൽ റയൽ മാഡ്രിഡിനു വേണ്ടി നിർണായക പ്രകടനങ്ങൾ നിരവധി തവണ നടത്തിയിട്ടുണ്ടെങ്കിലും റയൽ മാഡ്രിഡ് ആരാധകർക്ക് അത്ര പ്രിയപ്പെട്ടവനല്ല വെയിൽസ്‌ താരം.

പരിക്കു മൂലം നിരവധി മത്സരങ്ങൾ നഷ്‌ടമായതും പലപ്പോഴും റയൽ മാഡ്രിഡിനോട് വിധേയത്വം കാണിക്കാതെ സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിച്ചതുമാണ് ആരാധകർക്ക് ബേൽ അപ്രിയനാകാൻ കാരണം. എന്നാൽ അഞ്ചു ചാമ്പ്യൻസ് ലീഗുകളടക്കം നിരവധി കിരീടങ്ങൾ ക്ലബിനൊപ്പം സ്വന്തമാക്കിയ താരം അർഹിക്കുന്ന സ്ഥാനം തന്നെയാണ് ഇപ്പോൾ ലഭിച്ചത്.

പതിനാറു ട്രോഫികളാണ് റയൽ മാഡ്രിഡിനൊപ്പം ഗാരെത് ബേൽ സ്വന്തമാക്കിയിട്ടുള്ളത്. അതിൽ അഞ്ചു ചാമ്പ്യൻസ് ലീഗ്, മൂന്നു ലാ ലിഗ, ഒരു കോപ്പ ഡെൽ റേ, ഒരു സ്‌പാനിഷ്‌ സൂപ്പർകപ്പ്, മൂന്ന് യുവേഫ സൂപ്പർകപ്പ്, മൂന്ന് ക്ലബ് ലോകകപ്പ് എന്നിവ ഉൾപ്പെടുന്നു. ഈ സമ്മറിൽ ക്ലബ് വിടുന്ന മാഴ്‌സലോ, ഇസ്‌കോ എന്നിവരും ഇതിഹാസങ്ങളുടെ പട്ടികയിലുണ്ട്.

അതേസമയം റയൽ മാഡ്രിഡ് വിട്ട ബേലിന്റെ അടുത്ത ലക്‌ഷ്യം എവിടെയാണെന്ന് വ്യക്തമല്ല. താരം വിരമിക്കുമെന്ന് ഏവരും കരുതിയെങ്കിലും വെയിൽസ്‌ ലോകകപ്പ് യോഗ്യത നേടിയതിനാൽ ബേൽ ഈ സീസൺ കളിക്കളത്തിൽ ഉണ്ടാകുമെന്നു തീർച്ചയാണ്. കാർഡിഫ് സിറ്റി, റോമ, ആസ്റ്റൺ വില്ല തുടങ്ങി നിരവധി ക്ലബുകൾ ബേലിനെ ലക്ഷ്യമിടുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit