ബാഴ്സലോണ പരിശീലകനാവുന്നതിൽ യാതൊരു താൽപര്യക്കുറവുമില്ലെന്ന് റയൽ മാഡ്രിഡ് ഇതിഹാസം ഗുട്ടി


ബാഴ്സലോണ പരിശീലകനാവുന്നതിൽ തനിക്ക് യാതൊരു താൽപര്യക്കുറവുമില്ലെന്ന് റയൽ മാഡ്രിഡിന്റെ എക്കാലത്തെയും വലിയ ഇതിഹാസ താരങ്ങളിൽ ഒരാളായ ഗുട്ടി. റൊണാൾഡ് കൂമാന്റെ ഭാവി പ്രതിസന്ധിയിലായി നിൽക്കെ ബാഴ്സലോണ പുതിയ മാനേജരെ തേടുന്ന സാഹചര്യത്തിലാണ് ഗുട്ടിയുടെ നിർണായക പ്രതികരണം.
ഈ സീസണിൽ ബാഴ്സലോണ മോശം ഫോമിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ റൊണാൾഡ് കൂമാൻ അടുത്തു തന്നെ പുറത്താക്കപ്പെടും എന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അത്ലറ്റികോ മാഡ്രിഡിനെതിരെ നടക്കുന്ന ലാ ലിഗ പോരാട്ടത്തോടെ ഡച്ച് പരിശീലകന്റെ ബാഴ്സലോണ കരിയറിനു തിരശീല വീഴുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
Guti: "Would I be up for the Barça job? Sure, why not?"https://t.co/BbtBerGxOt #Barcelona #Koeman #LaLiga #Guti #Etoo #Kluivert #Hierro
— AS English (@English_AS) October 1, 2021
ബാഴ്സലോണയും റയൽ മാഡ്രിഡും ചിരവൈരികളായ ക്ലബുകളാണെങ്കിലും കാറ്റലൻ ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ തനിക്കു യാതൊരു മടിയുമില്ലെന്നാണ് ഗുട്ടി പറയുന്നത്. ഒരു പരിശീലകനെന്ന നിലയിൽ തന്റെ കഴിവുകൾ കാണിക്കാൻ അത് അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"ഞാൻ ബാഴ്സലോണയെ പരിശീലിപ്പിക്കുമോയെന്നോ? എന്തു കൊണ്ടില്ല. ഞാനിപ്പോൾ ലഭ്യമാണ്. ഒരു ടീമിനെ പരിശീലിപ്പിക്കാൻ എന്താണു വേണ്ടതെന്നു ലോകത്തെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." മാഡ്രിഡിൽ ലാ ലിഗ അംബാസിഡർമാരുടെ പരിപാടിയിൽ റയൽ മാഡ്രിഡ് യൂത്ത് ടീമിന്റെ മുൻ പരിശീലകൻ കൂടിയായിരുന്ന ഗുട്ടി പറഞ്ഞു.
അതേസമയം പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് ബാഴ്സലോണ. വിവിധ റിപ്പോർട്ടുകൾ പ്രകാരം ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനസ്, മുൻ യുവന്റസ് കോച്ച് ആന്ദ്രേ പിർലോ എന്നിവരാണ് റൊണാൾഡ് കൂമാനു പകരക്കാരുടെ ലിസ്റ്റിലുള്ളത്.