റയൽ മാഡ്രിഡ് ലോഗോയിൽ ചവിട്ടാതെ ചാടിക്കടന്ന വിനീഷ്യസ് ജൂനിയറിന്റെ പ്രവൃത്തി അഭിനന്ദനം നേടുന്നു
By Sreejith N

വലൻസിയക്കെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ മികച്ച വിജയം നേടിയതോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ഒന്നുകൂടി കെട്ടുറപ്പുള്ളതാക്കാൻ റയൽ മാഡ്രിഡിനായിട്ടുണ്ട്. ഈ സീസണിൽ റയൽ മാഡ്രിഡിന്റെ കുതിപ്പിനു പിന്നിലെ ചാലക ശക്തികളായ കരിം ബെൻസിമയും വിനീഷ്യസ് ജൂനിയറും രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.
ടീമിനു വേണ്ടി രണ്ടു ഗോളുകൾ നേടിയ വിനീഷ്യസ് ജൂനിയറിന്റെ പ്രകടനത്തിനൊപ്പം തന്നെ താരത്തിന്റെ മറ്റൊരു പ്രവൃത്തി കൂടി മത്സരത്തിനിടയിൽ ശ്രദ്ധിക്കപ്പെട്ടു. കളിക്കിടയിൽ റയൽ മാഡ്രിഡ് ലോഗോയിൽ ചവിട്ടാതെ അതു ചാടിക്കടന്ന വിനീഷ്യസ് ജൂനിയറിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിനൊപ്പം റയൽ മാഡ്രിഡ് ആരാധകരിൽ നിന്നും വലിയ തോതിലുള്ള അഭിനന്ദനവും എട്ടു വാങ്ങുന്നുണ്ട്.
Vinicius jumped because he didn’t want to step on the Real Madrid logo.
— ESPN FC (@ESPNFC) January 8, 2022
Respect ? pic.twitter.com/Bjcgq9KyA9
റയൽ മാഡ്രിഡിനോടുള്ള തന്റെ സ്നേഹം പലപ്പോഴും തെളിയിച്ച താരമാണ് വിനീഷ്യസ് ജൂനിയർ. റയലിലെ ആദ്യനാളുകളിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയെങ്കിലും ഈ സീസണിലെ മിന്നുന്ന പ്രകടനത്തോടെ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന നിലയിലേക്കാണ് വിനീഷ്യസ് ഉയരുന്നത്. എന്നിട്ടും തന്റെ കരാർ അടുത്ത വർഷമേ പുതുക്കാൻ കഴിയൂവെന്ന റയൽ മാഡ്രിഡിന്റെ ആവശ്യത്തിന് താരം സമ്മതം മൂളിയിട്ടുണ്ട്.
അതേസമയം വിനിഷ്യസിന്റെ പ്രവൃത്തി പല ബ്രസീലിയൻ താരങ്ങൾക്കും സ്വാഭാവികമായി വരുന്നതാണെന്നാണ് ആരാധകരിൽ ചിലർ പറയുന്നത്. ബ്രസീലിയൻ ലീഗിൽ എതിർ ടീമിലുള്ളവർ മൈതാനത്തെ ലോഗോയിൽ ചവിട്ടുന്നതിന്റെ പേരിൽ പലപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടാവാറുള്ളതാണ് ഇതിന്റെ കാരണമെന്നാണ് അവർ പറയുന്നത്. കഴിഞ്ഞ കോപ്പ ഡെൽ റേ മത്സരത്തിനിടെ ബാഴ്‌സലോണ ലോഗോ ചവിട്ടാതെ ഡാനി ആൽവസ് ചാടിക്കടന്നതും ഇതിനു സമാനമായ കാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.