Premier League

ടെൻ ഹാഗിനെ സ്വന്തമാക്കുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വെല്ലുവിളി, ഡച്ച് പരിശീലകനായി മറ്റൊരു ക്ലബും രംഗത്ത്

Sreejith N
RB Leipzig Interested In Man Utd Target Erik Ten Hag
RB Leipzig Interested In Man Utd Target Erik Ten Hag / BSR Agency/GettyImages
facebooktwitterreddit

വരുന്ന സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി ചുമതല ഏറ്റെടുക്കാൻ ഏറ്റവുമധികം സാധ്യതയുള്ളത് നിലവിൽ അയാക്‌സ് മാനേജരായ എറിക് ടെൻ ഹാഗിനാണ്. നേരത്തെ മൗറീസിയോ പോച്ചട്ടിനോയെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാനമായും പരിഗണിച്ചിരുന്നതെങ്കിലും അതു മാറി ഇപ്പോൾ എറിക് ടെൻ ഹാഗിലാണ് അവർക്കു താൽപര്യമെന്നും അദ്ദേഹത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി അവർ മുന്നോട്ടു പോകുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നാൽ ടെൻ ഹാഗിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾക്ക് വെല്ലുവിളിയുമായി ജർമൻ ക്ലബായ ആർബി ലീപ്‌സിഗ് രംഗത്തു വന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഡി ടെലെഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം ഏതാനും വർഷം നീളമുള്ള വളരെ മികച്ച കരാർ ടെൻ ഹാഗിനായി ലീപ്‌സിഗ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ടെൻ ഹാഗിനെ സ്വന്തമാക്കുമ്പോൾ അയാക്‌സിന് രണ്ടു മില്യൺ യൂറോ നഷ്‌ടപരിഹാരം നൽകാനും അവർ ഒരുക്കമാണ്.

ഇപ്പോൾ ലീഡ്‌സ് യുണൈറ്റഡിന്റെ പരിശീലകനായ ജെസ്സെ മാർഷിനെ പുറത്താക്കിയ ഒഴിവിലേക്ക് കഴിഞ്ഞ വര്ഷത്തിന്റെ അവസാനം നിയമിക്കപ്പെട്ട ഡൊമെനിക്കോ ടെഡേസ്‌കോയാണ് നിലവിൽ ലീപ്‌സിഗിന്റെ പരിശീലകൻ. ബോട്ടം ഹാഫിൽ കിടന്ന ടീമിനെ നാലാം സ്ഥാനത്തെത്തിച്ച അദ്ദേഹത്തിനു കീഴിൽ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ലീപ്‌സിഗിനു കഴിയും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ലീപ്‌സിഗിനെ ജർമനിയിലെ തന്നെ ഏറ്റവും മികച്ച ക്ലബാക്കി മാറ്റുന്നതിനു വേണ്ടിയൊരുങ്ങുന്ന നേതൃത്വം അതിനു ടെൻ ഹാഗിനു കഴിയുമെന്നാണ് വിലയിരുത്തുന്നത്. ബയേൺ മ്യൂണിക്ക് സെക്കൻഡ് ടീമിന്റെ മുൻ പരിശീലകനായ ടെൻ ഹാഗിന് ജർമനിയിലുള്ള മുൻപരിചയവും അയാക്‌സിനൊപ്പം അദ്ദേഹം നടത്തിയ പ്രകടനവും അവർ വിലമതിക്കുന്നുണ്ട്.

അതേസമയം എറിക് ടെൻ ഹാഗിനു വേണ്ടിയുള്ള നീക്കങ്ങളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടു തന്നെയാണ്. അടുത്തു തന്നെ അദ്ദേഹവുമായി കരാർ ഒപ്പിടാൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഈ സീസണിൽ വളരെ മോശം പ്രകടനം നടത്തുന്ന യുണൈറ്റഡിനെ പുതിയൊരു ടീമാക്കി മാറ്റാൻ ഡച്ച് പരിശീലകനാകുമെന്ന് അവർ കരുതുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit