ഒരു ചുവപ്പുകാർഡ് കിട്ടിയ എതിർടീമിനെ 11 പേരുമായി കളിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കൂമാനും പിക്വയും

FC Barcelona v Gimnastic de Tarragona - Friendly Match
FC Barcelona v Gimnastic de Tarragona - Friendly Match / Quality Sport Images/Getty Images
facebooktwitterreddit

പ്രീ സീസണിലെ ആദ്യത്തെ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി ബാഴ്‌സലോണ പുതിയ സീസണു വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് നല്ല രീതിയിൽ തുടക്കം കുറിച്ചിട്ടുണ്ട്. ഇന്നലെ ജിംനാസ്റ്റിക് ഡി ടരാഗോണക്കെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം ബി ടീം താരമായ റെയ് മനാജിന്റെ ഹാട്രിക്കും അലക്‌സ് കൊളാഡയുടെ ഗോളുമാണ് ബാഴ്‌സയുടെ വിജയം അനായാസമാക്കിയത്.

അതേസമയം പ്രീ സീസൺ സൗഹൃദ മത്സരം അസാധാരണ സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചു. ആദ്യപകുതിയുടെ മുപ്പത്തിയെട്ടാം മിനുട്ടിൽ ജിംനാസ്റ്റിക്കിന്റെ താരമായ അലക്‌സ് ക്വിന്റാനല്ലക്ക് റിക്കി പുയ്‌ജിനെ ഫൗൾ ചെയ്‌തതിനു ചുവപ്പു കാർഡ് ലഭിച്ചിരുന്നു. എന്നാൽ ചുവപ്പുകാർഡ് കിട്ടിയ താരത്തെ കളിക്കളത്തിൽ നിന്നും ഒഴിവാക്കരുതെന്നും പതിനൊന്നു പേരുമായി തന്നെ ജിംനാസ്റ്റിക്കിനെ കളിക്കാൻ അനുവദിക്കാൻ റഫറിയോട് പിക്വയും കൂമാനും ആവശ്യപ്പെട്ടുവെന്ന് ജിംനാസ്റ്റിക് പരിശീലകൻ മത്സരത്തിനു ശേഷം വെളിപ്പെടുത്തി.

ജിംനാസ്റ്റിക് ദുർബലരായ എതിരാളികളാണെന്നിരിക്കെ അവരിൽ ഒരു താരം ചുവപ്പുകാർഡ് നേടി പുറത്തു പോയി ടീമിന്റെ കരുത്ത് കൂടുതൽ ചോരുന്നത് ബാഴ്‌സലോണയുടെ സീസണിലേക്കുള്ള തയ്യാറെടുപ്പുകളെ കൂടിയാണ് പ്രതികൂലമായി ബാധിക്കുക. അതുകൊണ്ടാണ് താരത്തെ കളിക്കളത്തിൽ നിന്നും ഒഴിവാക്കരുതെന്ന് പിക്വയും കൂമാനും ആവശ്യപ്പെട്ടത്. എന്നാൽ മത്സരത്തിന്റെ മാനദണ്ഡങ്ങൾ അതിനനുവദിക്കുന്നില്ലെന്നു പറഞ്ഞ് റഫറി ആവശ്യം നിരാകരിക്കുകയായിരുന്നു.

എതിരാളികളിൽ ഒരു താരം കുറഞ്ഞതോടെ ആദ്യ ഇലവനിൽ ഇറങ്ങിയ മുഴുവൻ താരങ്ങളെയും ബാഴ്‌സലോണ രണ്ടാം പകുതിയിൽ മാറ്റിയിരുന്നു. അതിനു ശേഷമാണ് ടീമിന്റെ നാലു ഗോളുകളും പിറന്നത്. അതേസമയം തന്റെ കളിക്കാരന് ചുവപ്പുകാർഡ് ലഭിച്ചിട്ടും കളിക്കളത്തിൽ നിലനിർത്താൻ പിക്വയും കൂമാനും റഫറിയോട് ആവശ്യപ്പെട്ടതിനോട് ജിംനാസ്റ്റിക് പരിശീലകൻ കൃതജ്ഞത അറിയിച്ചു.