Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ തള്ളിക്കളയാതെ റാഷ്‌ഫോർഡ്; റയൽ, ബാഴ്‌സ ക്ലബുകളോടു താൽപര്യമുണ്ടെന്ന് താരം

Sreejith N
Manchester United v Fulham - Premier League
Manchester United v Fulham - Premier League / Robbie Jay Barratt - AMA/Getty Images
facebooktwitterreddit

ഭാവിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ തള്ളിക്കളയാതെ ക്ലബിന്റെ മുന്നേറ്റനിര താരമായ മാർക്കസ് റാഷ്‌ഫോഡ്. ഇംഗ്ലണ്ടിനു പുറത്തു പുതിയ വെല്ലുവിളികൾ സ്വീകരിക്കാൻ താത്പര്യമുണ്ടെന്നു വ്യക്തമാക്കിയ ഇരുപത്തിമൂന്നുകാരനായ താരം, റയൽ മാഡ്രിഡ്, ബാഴ്‌സലോണ ക്ലബുകളോടുള്ള താൽപര്യവും വെളിപ്പെടുത്തി.

ക്ലബിന്റെ അക്കാദമിയിലൂടെ ഉയർന്നു വന്ന് ഇരുപത്തിമൂന്നാം വയസിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി 270ലധികം മത്സരങ്ങൾ കളിച്ച റാഷ്‌ഫോഡിന് 2023 വരെ കരാർ നിലനിൽക്കുന്നുണ്ട്. ഈ സമ്മറിൽ താരം ക്ലബ് വിടാൻ യാതൊരു സാധ്യതയുമില്ലെങ്കിലും ബാഴ്‌സലോണ അടക്കമുള്ള യൂറോപ്പിലെ പ്രമുഖ ക്ലബുകൾക്ക് താരത്തിൽ താൽപര്യമുണ്ടെന്നതു നേരത്തെ വ്യക്തമായിട്ടുള്ളതാണ്.

ദി ഗാർഡിയനു നൽകിയ അഭിമുഖത്തിനിടെ മറ്റൊരു രാജ്യത്തു കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കുണ്ടോയെന്ന ചോദ്യത്തിനു അതൊരിക്കലും താൻ വേണ്ടെന്നു വെക്കില്ലെന്നായിരുന്നു റാഷ്‌ഫോഡ് നൽകിയ മറുപടി. അതിനു ശേഷം വളരെ പൂർണതയിലെത്തി ക്ലബുകളായി തോന്നുന്നത് ആരൊക്കെയാണെന്ന ചോദ്യത്തിലാണ് താരം റയലിനെയും ബാഴ്‌സയെയും പരാമർശിച്ചത്.

"മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞാൽ? ഞാൻ റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും വലിയൊരു ആരാധകനാണ്. ഈ ക്ലബുകളിൽ ഏറ്റവും മികച്ച താരങ്ങൾ ഉണ്ടാകുമെന്നതിനു പുറമെ വളരെ മനോഹരമായ ഫുട്ബോളാണ് കാഴ്‌ച വെക്കുന്നത്. എല്ലാവരും റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും മത്സരങ്ങൾ കാണുന്നവരാണ്," റാഷ്‌ഫോഡ് വ്യക്തമാക്കി.

വ്യക്തിപരമായ വികാസത്തിനു വേണ്ടി സ്‌പാനിഷ്‌, ഇറ്റാലിയൻ ഭാഷ പഠിക്കാനുള്ള താൽപര്യവും റാഷ്‌ഫോഡ് വെളിപ്പെടുത്തി. ഫുട്ബോൾ നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് അവസരമൊരുക്കിയതിനാൽ ഓരോ രാജ്യത്തെയും ഭാഷ പഠിക്കേണ്ടത് അനിവാര്യമാണെന്നു തനിക്ക് തോന്നിയെന്നും അതിനു ട്രാൻസ്ഫറുമായി യാതൊരു ബന്ധവുമില്ലെന്നും റാഷ്‌ഫോഡ് വ്യക്തമാക്കി.

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം അവസാന പ്രീമിയർ ലീഗ് മത്സരം കളിക്കാനും യൂറോപ്പ ലീഗ് കിരീടത്തിനായി വിയ്യാറയലിനെ നേരിടാനും ഒരുങ്ങുന്ന റാഷ്‌ഫോഡ് ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ഈ സമ്മറിൽ നടക്കാനിരിക്കുന്ന യൂറോ കപ്പും ലക്ഷ്യമിടുന്നുണ്ട്.


facebooktwitterreddit