Football in Malayalam

മൗറീന്യോക്കു കീഴിൽ തന്റെ മികച്ച ഫുട്ബോൾ കളിക്കുക ബുദ്ധിമുട്ടായിരുന്നുവെന്ന് മാർക്കസ് റാഷ്‌ഫോർഡ്

Sreejith N
Manchester United v Liverpool - Premier League
Manchester United v Liverpool - Premier League / Laurence Griffiths/Getty Images
facebooktwitterreddit

തന്റെ ഏറ്റവും മികച്ച പ്രകടനം മൗറീന്യോക്കു കീഴിൽ പുറത്തെടുക്കുക ബുദ്ധിമുട്ടായിരുന്നുവെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡ്. 2016ൽ ലൂയിസ് വാൻ ഗാൽ പരിശീലകനായിരിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിലെത്തിയ റാഷ്‌ഫോർഡ്, മൗറീന്യോക്ക് കീഴിലാണ് ടീമിലെ സ്ഥിരസാന്നിധ്യമാകുന്നത്. എന്നാൽ രണ്ടര വർഷം ക്ലബിനൊപ്പമുണ്ടായിരുന്ന പോർച്ചുഗീസ് പരിശീലകനു കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ റാഷ്‌ഫോർഡിനു കഴിഞ്ഞിരുന്നില്ല.

ആധുനിക ഫുട്ബോളിൽ പൊസിഷൻ പരസ്പരം മാറാനുള്ള സ്വാതന്ത്ര്യം കളിക്കാർക്ക് ഉണ്ടോ എന്ന ചോദ്യത്തിനു ബിടി സ്പോർട്ടിനോട് മറുപടി പറയുകയായിരുന്നു റാഷ്‌ഫോർഡ്. "ഞങ്ങൾ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുമ്പോൾ മാത്രമായിരിക്കും അത്. മൗറിന്യോക്ക് കീഴിൽ നീ അവിടെ കളിക്കൂ, നീ ആ ഭാഗത്തു കളിക്കൂ എന്നാണു ഞാൻ കേട്ടിട്ടുള്ളത്. നമുക്കത് ചെയ്യാം, പക്ഷെ എന്റെ ഏറ്റവും മികച്ച ഫുട്ബാൾ കളിക്കുക ബുദ്ധിമുട്ടായിരുന്നു."

മൗറീന്യോക്കൊപ്പം യൂറോപ്പ ലീഗും കറബാവോ കപ്പുമുൾപ്പെടെ മൂന്നു കിരീടങ്ങൾ സ്വന്തമാക്കാൻ റാഷ്‌ഫോർഡിനു കഴിഞ്ഞിട്ടുണ്ടെങ്കിലും ആ സമയത്ത് ഗോൾമുഖത്തെ താരത്തിന്റെ പ്രകടനം ഏറെ വിമർശനം ഏറ്റു വാങ്ങിയിരുന്നു. മൗറീന്യോക്ക് കീഴിൽ 81 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുള്ള മാർക്കസ് റാഷ്‌ഫോർഡ് 15 തവണ മാത്രമാണ് വല കുലുക്കിയിരിക്കുന്നത്.

അതേസമയം സോൾഷെയർ പരിശീലകനായി എത്തിയതിനു ശേഷം തന്റെ മികവു പ്രകടിപ്പിക്കാൻ ഇംഗ്ലീഷ് താരത്തിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കരിയറിൽ ആദ്യമായി ഇരുപതു ഗോൾ നേടിയ റാഷ്‌ഫോർഡ് ഈ സീസണിലും അതാവർത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ നിരവധി അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുള്ള ഇരുപത്തിമൂന്നുകാരനായ താരം കരിയറിലിതു വരെയുള്ള ഏറ്റവും മികച്ച ഫോമിലാണ് ഈ സീസണിൽ കളിച്ചു കൊണ്ടിരിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit