Transfers

ബ്രസീലിയൻ താരം റഫിന്യ തിങ്കളാഴ്‌ച ബാഴ്‌സലോണ താരമാകും

Sreejith N
Raphinha Set To Arrive At Barcelona On Monday
Raphinha Set To Arrive At Barcelona On Monday / DOUGLAS MAGNO/GettyImages
facebooktwitterreddit

ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ മുന്നേറ്റനിര താരമായ റഫിന്യ തിങ്കളാഴ്‌ച ബാഴ്‌സയിൽ എത്തുമെന്നു റിപ്പോർട്ടുകൾ. താരത്തിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് ബാഴ്‌സലോണയും ലീഡ്‌സ് യുണൈറ്റഡും അവസാനഘട്ട ചർച്ച നടത്തുന്നുവെന്നും അതുടനെ പൂർത്തിയാകുമെന്നും കാറ്റലൻ മാധ്യമം സ്പോർട്ട് ആണ് റിപ്പോർട്ടു ചെയ്‌തത്‌.

ഈ സമ്മറിൽ ബാഴ്‌സലോണ നോട്ടമിട്ട പ്രധാന താരമായിരുന്നു റഫിന്യ. ചെൽസി ഇരുപത്തിയഞ്ചു വയസുള്ള താരത്തിനു വേണ്ടി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിയെങ്കിലും ബ്രസീലിയൻ താരത്തിനു ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ മാത്രമായിരുന്നു ആഗ്രഹം. ചെൽസിയടക്കം തനിക്കു വന്ന മറ്റുള്ള ഓഫറുകളെല്ലാം റഫിന്യ തഴയുകയും ചെയ്‌തു.

റഫിന്യക്കു വേണ്ടി നേരത്തെ ഏറ്റവും ഉയർന്ന തുകയുടെ ഓഫർ നൽകിയത് ചെൽസി ആയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം അറുപതു മില്യൺ യൂറോയോളമാണ് ചെൽസി മുന്നോട്ടു വെച്ച ഓഫർ. ബാഴ്‌സലോണ അൻപത്തിയഞ്ചു മില്യൺ യൂറോയുടെ ഓഫറാണ് താരത്തിന് വേണ്ടി പരമാവധി ഓഫർ ചെയ്‌തതെങ്കിലും ആഡ് ഓണുകൾ ഉൾപ്പെടെ ചെൽസിയുടെ ഓഫറിന്റെ ഒപ്പമെത്തിയതു കൊണ്ടാണ് ട്രാൻസ്‌ഫർ പൂർത്തിയാകുന്നത്.

റഫിന്യ തിങ്കളാഴ്‌ച ബാഴ്‌സലോണയിൽ എത്തുമെന്നും ക്ലബുമായി അഞ്ചു വർഷത്തെ കരാർ ഒപ്പിടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ സമ്മറിൽ ബാഴ്‌സലോണ പൂർത്തിയാക്കുന്ന മൂന്നാമത്തെ പ്രധാനപ്പെട്ട സൈനിങ്‌ ആയിരിക്കും റാഫിന്യയുടെത്. ഇതിനു മുൻപ് ചെൽസി താരം ക്രിസ്റ്റൻസെൻ, എസി മിലാൻ മധ്യനിര താരം ഫ്രാങ്ക് കെസീ എന്നിവരെയാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്.

റഫിന്യ എത്തിയതോടെ ബാഴ്‌സലോണയുടെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലെ സൈനിംഗുകൾ തീരുന്നില്ല. ഇനി ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി, മാഞ്ചസ്റ്റർ സിറ്റി താരം ബെർണാർഡോ സിൽവ എന്നിവരെയും ടീമിലെത്തിക്കാൻ ശ്രമിക്കുന്ന ബാഴ്‌സലോണക്ക് സെവിയ്യ പ്രതിരോധതാരം ജൂൾസ് കൂണ്ടെയിലും താൽപര്യമുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit