Transfers

ബ്രസീലിയൻ താരം റഫിന്യ ബാഴ്‌സലോണയിൽ എത്താനുള്ള സാധ്യതയുണ്ടെന്ന് താരത്തിന്റെ പിതാവ്

Sreejith N
Raphinha's Father Confirms Barcelona Rumours
Raphinha's Father Confirms Barcelona Rumours / DOUGLAS MAGNO/GettyImages
facebooktwitterreddit

ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ വിങ്ങറായ റഫിന്യ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സയിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന് താരത്തിന്റെ പിതാവ് വെളിപ്പെടുത്തി. എന്നാൽ ട്രാൻസ്‌ഫർ നടക്കാൻ താരത്തിന്റെ നിലവിലെ ക്ലബും വാങ്ങാൻ താൽപര്യമുള്ള ക്ലബും റഫിന്യയും തമ്മിൽ ധാരണയിൽ എത്തണമെന്നും അദ്ദേഹം അറിയിച്ചു.

കരാർ അവസാനിച്ച് ക്ലബ് വിടാനിരിക്കുന്ന ഫ്രഞ്ച് മുന്നേറ്റനിര താരമായ ഒസ്മാനെ ഡെംബലെക്ക് പകരക്കാരനായാണ് ബാഴ്‌സലോണ റഫിന്യയെ നോട്ടമിട്ടിരിക്കുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിലായ ബാഴ്‌സലോണക്ക് ഏതൊരു താരത്തെ സ്വന്തമാക്കാനും വലിയ കടമ്പകൾ മറികടക്കേണ്ടതുണ്ട്.

"റഫിന്യ ബാഴ്‌സലോണയിലെത്താൻ സാധ്യതയുണ്ട്. അതിനുള്ള സാധ്യതകളിൽ മൂന്നു കക്ഷികളാണുള്ളത്: താൽപര്യമുള്ള ക്ലബ്, താരം നിലവിൽ കളിക്കുന്ന ക്ലബ്, റഫിന്യ." ബ്രസീലിയൻ താരത്തിന്റെ പിതാവായ റാഫേൽ റെക്കോർഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"ലീഡ്‌സുമായി കരാറുള്ള താരം ശാന്തനായി തുടരുകയാണ്, എല്ലാവർക്കും അറിയുന്നതു പോലെ ഈ സാധ്യതകൾ താരത്തെ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു. ഇപ്പോൾ വാർത്തകളിൽ ഉള്ളതു മാത്രമേ അറിയാവുന്നതായുള്ളൂ, അതിൽ കൂടുതലായി ഒന്നുമില്ല." റാഫേൽ വ്യക്തമാക്കി.

ഇക്കഴിഞ്ഞ സീസണിൽ ലീഡ്‌സിനായി പതിനൊന്നു ഗോളുകൾ റഫിന്യ നേടിയിരുന്നു. ലീഡ്‌സ് തരം താഴ്ത്തപ്പെട്ടാൽ 25 മില്യൺ യൂറോയുടെ റിലീസിംഗ് ക്ലോസിൽ താരത്തെ സ്വന്തമാക്കാമെന്ന പ്രതീക്ഷ ബാഴ്‌സക്ക് ഉണ്ടായിരുന്നെങ്കിലും അവർ പ്രീമിയർ ലീഗിൽ തന്നെ തുടർന്നതോടെ കൂടുതൽ തുക ബാഴ്‌സ നൽകേണ്ടി വന്നേക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit