ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള തീരുമാനത്തിൽ റൊണാൾഡീന്യോ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് റഫിന്യ
By Sreejith N

ചെൽസി മെച്ചപ്പെട്ട ഓഫറുമായി രംഗത്തുണ്ടായിരുന്നെങ്കിലും ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള തന്റെ തീരുമാനത്തിനു പിന്നിൽ റൊണാൾഡീന്യോ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ബ്രസീലിയൻ മുന്നേറ്റനിര താരമായ റഫിന്യ. ബ്രസീലിയൻ ഇതിഹാസതാരം ബാഴ്‌സലോണയിൽ കളിച്ചിരുന്ന സമയത്തെ പ്രകടനമാണ് തനിക്ക് കാറ്റലൻ ക്ലബിനോട് താൽപര്യമുണ്ടാകാൻ കാരണമെന്നാണ് റഫിന്യ പറയുന്നത്.
ലീഡ്‌സ് യുണൈറ്റഡിനൊപ്പം മികച്ച പ്രകടനം നടത്തിയിരുന്ന റഫിന്യക്കായി ആഴ്‌സണലും ചെൽസിയും ബാഴ്‌സലോണയുമാണ് ശ്രമം നടത്തിയിരുന്നത്. ചെൽസിയാണ് ഏറ്റവും മികച്ച ഓഫർ താരത്തിനു വേണ്ടി നൽകിയതെങ്കിലും ബാഴ്‌സലോണയെ മാത്രമായിരുന്നു തുടക്കം മുതൽ റഫിന്യ പരിഗണിച്ചിരുന്നത്. അതിനു പിന്നിൽ റൊണാൾഡീന്യോയുടെ സ്വാധീനമുണ്ടെന്നാണ് ബ്രസീലിയൻ താരം പറയുന്നത്.
"റൊണാൾഡീന്യോ ഇവിടെയെത്തിയതു മുതലാണ് ഞാൻ ബാഴ്‌സലോണയെ കണ്ടു തുടങ്ങിയത്. താരം ഇവിടെ നിന്നും സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം എന്റെ തീരുമാനത്തെ സ്വാധീനിച്ച കാര്യങ്ങളാണ്. എനിക്കിവിടെയെത്താൻ എല്ലായിപ്പോഴും ആഗ്രഹം ഉണ്ടായിരുന്നു."
"ചെറുപ്പം മുതൽ ഞാൻ കണ്ട സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ എനിക്കു കഴിയുമെന്നും ബാഴ്‌സലോണയുടെ ഭാഗമാകാനും കഴിയുമെന്നും ഞാൻ എല്ലായിപ്പോഴും കരുതുന്നു. എല്ലാവരും വ്യത്യസ്‌ത തരത്തിൽ കളിക്കുന്നവരാണ്, തീർച്ചയായും ഞാൻ റൊണാൾഡീന്യോയിൽ നിന്നും വ്യത്യസ്ഥനാണ്." തന്നെ കാണികൾക്കു മുന്നിൽ അവതരിപ്പിക്കുന്ന ചടങ്ങിൽ റഫിന്യ പറഞ്ഞു.
2003ൽ യോൻ ലപോർട്ട പ്രസിഡന്റായിരുന്ന സമയത്താണ് ബാഴ്‌സലോണ റൊണാൾഡീന്യോയെ സ്വന്തമാക്കിയത്. ക്ലബിനൊപ്പം രണ്ടു ലാ ലിഗ കിരീടങ്ങൾ നേടിയ താരം രണ്ടാമത്തെ ചാമ്പ്യൻസ് ലീഗും ബാഴ്‌സലോണക്ക് നേടിക്കൊടുത്തു. 2005ലെ ബാലൺ ഡി ഓർ താരം നേടിയത് ബാഴ്‌സലോണക്കൊപ്പമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.