ബാഴ്സലോണ റയൽ മാഡ്രിഡിനെക്കാൾ മികച്ച ടീമാണെന്ന് ബ്രസീലിയൻ താരം റഫിന്യ


ബാഴ്സലോണ ജേഴ്സിയിലെ തന്റെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് ക്ലബിന്റെ പുതിയ സൈനിങായ റഫിന്യ. ഇന്റർ മിയാമിക്കെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ താരം റയൽ മാഡ്രിഡിനെക്കാൾ മികച്ച ടീമാണ് ബാഴ്സലോണയെന്നും അഭിപ്രായപ്പെട്ടു.
ലീഡ്സ് യുണൈറ്റഡിൽ നിന്നും ഏതാനും ദിവസങ്ങൾക്കു മുൻപാണ് അറുപത്തിയഞ്ചു മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ റഫിന്യ ബാഴ്സലോണയിൽ എത്തിയത്. ഉടനെ തന്നെ ടീമിനൊപ്പം ചേർന്ന താരത്തിന് ആദ്യ പ്രീ സീസൺ മത്സരത്തിൽ അവസരം ലഭിക്കുകയും ചെയ്തു. റയൽ മാഡ്രിഡിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ ഗോൾ നേടാൻ കഴിയുമെന്ന പ്രതീക്ഷയും റഫിന്യ പ്രകടിപ്പിച്ചു.
Do you agree or disagree with Raphinha? 🤔🤔🤔 https://t.co/S6D4g8cMG4
— MARCA in English (@MARCAinENGLISH) July 20, 2022
"എന്റെ ആദ്യത്തെ ഗോൾ നേടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, മികച്ചൊരു മത്സരമായിരുന്നു ഇത്. ഞാനൊരു നല്ല മത്സരത്തിനു വേണ്ടിയാണ് ശ്രമിച്ചതും. വളരെ സന്തോഷവാനായ ഞാൻ ഇതു പോലെ തന്നെ തുടരാമെന്നു പ്രതീക്ഷിക്കുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ റഫിന്യ പറഞ്ഞു.
"ഒരാൾ എല്ലായിപ്പോഴും ഏതൊരു ടീമിനെതിരെയും ഗോളുകൾ നേടാൻ ശ്രമിക്കും. എന്നാൽ അതൊരു ഡെർബിയിലാണെങ്കിൽ ആഗ്രഹം കൂടുതലായിരിക്കും. വിജയമാണ് ഏറ്റവും പ്രധാനം. പക്ഷെ ഞാൻ കരുതുന്നത് ഞങ്ങൾ റയൽ മാഡ്രിഡിനെക്കാൾ മികച്ച ടീമാണെന്നാണ്." റഫിന്യ വ്യക്തമാക്കി.
ഇന്റർ മിയാമിക്കെതിരെ എതിരില്ലാത്ത ആറു ഗോളുകളുടെ വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്. റാഫിന്യക്കു പുറമെ ഒബാമേയാങ്, അൻസു ഫാറ്റി, ഗാവി, മെംഫിസ്, ഡെംബലെ എന്നിവരാണ് ടീമിന്റെ മറ്റു ഗോളുകൾ നേടിയത്. ജൂലൈ 23നാണു ബാഴ്സലോണ റയൽ മാഡ്രിഡിനെ നേരിടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.