ഡെംബലെക്കു പകരക്കാരനായി ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ ബാഴ്സലോണ നീക്കങ്ങളാരംഭിച്ചു


സാവി പരിശീലകനായി എത്തിയതിനു ശേഷം തകർപ്പൻ പ്രകടനമാണ് ഒസ്മാനെ ഡെംബലെ നടത്തുന്നതെങ്കിലും ഈ സീസണിനു ശേഷം ഫ്രഞ്ച് താരം ക്ലബിനൊപ്പം തുടരാനുള്ള സാധ്യത വളരെ കുറവാണ്. ഈ സീസൺ അവസാനിക്കുന്നതോടെ നിലവിലെ കരാർ പൂർത്തിയാകുന്ന ഡെംബലെ അതു പുതുക്കാൻ യാതൊരു സാധ്യതയുമില്ലെന്നാണ് യൂറോപ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നിലവിൽ വലിയ കുതിപ്പു കാണിക്കുന്ന ബാഴ്സലോണയിൽ ഡെംബലെ പ്രധാനിയാണെന്നതു കൊണ്ടു തന്നെ താരം ക്ലബ് വിട്ടാൽ അതിനു ചേരുന്ന പകരക്കാരനെ കണ്ടെത്തേണ്ടത് അനിവാര്യമാണ്. അതിനാൽ ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീലിയൻ മുന്നേറ്റനിര താരമായ റഫിന്യയെ ബാഴ്സലോണ ഡെംബലെക്ക് പകരക്കാരനായി ടീമിലെത്തിക്കാൻ ശ്രമം തുടങ്ങിയെന്ന് യുഓഎൽ എസ്പോർട്ടോയുടെ റിപ്പോർട്ടുകൾ പറയുന്നു.
Leeds United forward Raphinha is Barcelona's No.1 summer target https://t.co/DqvUDo44hW
— SPORT English (@Sport_EN) March 22, 2022
നിലവിൽ പ്രീമിയർ ലീഗിലെ തരം താഴ്ത്തൽ മേഖലക്കരികിൽ നിൽക്കുന്ന ലീഡ്സിൽ ഈ സീസണിനപ്പുറം റാഫിന്യ തുടരില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2024 വരെ മാത്രം ലീഡ്സുമായി കരാറുള്ള താരം അതു പുതുക്കാൻ ക്ലബ് മുന്നോട്ടു വെച്ച ഓഫർ തള്ളുകയും ചെയ്തിട്ടുണ്ട്. റാഫിന്യയെ സ്വന്തമാക്കാമെന്ന പ്രതീക്ഷ അതിനാൽ തന്നെ ബാഴ്സലോണക്കുണ്ട്.
ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ബാഴ്സലോണ പ്രതിനിധികൾ റാഫിന്യയുടെ ഏജന്റിനെ സമീപിച്ചിട്ടുണ്ടെന്നും ബ്രസീലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ 84 മില്യൺ യൂറോ റിലീസ് ക്ലോസ് താരത്തിനുള്ളതിനാൽ ലീഡ്സുമായി ചർച്ച നടത്തി ഒരു ധാരണയിലെത്തിയാൽ മാത്രമേ റാഫിന്യ ബാഴ്സക്കു സ്വന്തമാവുകയുള്ളൂ.
ബാഴ്സലോണ മാത്രമല്ല റഫിന്യയിൽ താൽപര്യമുള്ള ക്ലബെന്നത് താരത്തിനു വേണ്ടി കാറ്റലൻ ക്ലബ് നടത്തുന്ന നീക്കങ്ങളിൽ മറ്റൊരു വെല്ലുവിളിയാണ്. പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ, ജർമൻ ക്ലബായ ബയേൺ മ്യൂണിക്ക് എന്നിവരുടെയും റഡാറിലുള്ള താരത്തെ സ്വന്തമാക്കാൻ ഇവരെയെല്ലാം ബാഴ്സ മറികടക്കുക തന്നെ വേണം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.