ബാഴ്‌സലോണയോ ചെൽസിയോ? റഫിന്യ ട്രാൻസ്‌ഫറിൽ ലീഡ്‌സും താരവും രണ്ടു തട്ടിൽ

Raphinha And Leeds At Impasse Over Over Brazilian's Future
Raphinha And Leeds At Impasse Over Over Brazilian's Future / DOUGLAS MAGNO/GettyImages
facebooktwitterreddit

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ മുന്നേറ്റനിര താരമായ റഫിന്യയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. ഏതു ക്ലബ്ബിലേക്ക് ചേക്കേറണം എന്ന കാര്യത്തിൽ താരവും ലീഡ്‌സ് യുണൈറ്റഡും രണ്ടു തട്ടിൽ നിൽക്കുകയാണെന്നാണ് ഗോളിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം റഫിന്യ ആഗ്രഹിക്കുന്നത് അടുത്ത സീസണിൽ ബാഴ്‌സലോണക്കു വേണ്ടി കളിക്കാനാണ്. മെയ് മാസത്തിൽ ഇതുമായി ബന്ധപ്പെട്ട് താരവും കാറ്റലൻ ക്ലബും തമ്മിൽ ധാരണയിൽ എത്തുകയും ചെയ്‌തിരുന്നു. എന്നാൽ അതിനിടയിൽ ലീഡ്‌സ് ചെൽസിക്ക് താരത്തെ വിൽക്കാൻ ധാരണയിൽ എത്തിയിരുന്നു. ഇതാണ് ക്ലബും താരവും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ വഴിയൊരുക്കിയത്.

ബാഴ്‌സലോണയുടെയും ചെൽസിയുടെയും മുൻ താരമായ ഡെക്കോയാണ് റഫിന്യ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നത്. റഫിന്യയുടെ ഏജന്റായ അദ്ദേഹവുമായി ചർച്ചകൾ നടത്തിയതിനെ തുടർന്ന് റഫിന്യക്കു വേണ്ടിയുള്ള ഓഫർ തുക ബാഴ്‌സലോണ വർധിപ്പിച്ചിരുന്നു. ഈ തുക ചെൽസി നൽകിയ ഓഫറിനേക്കാൾ കുറവാണെങ്കിലും താരവുമായി മുൻ‌കൂർ ധാരണയിൽ എത്തിയത് ഗുണം ചെയ്യുമെന്നാണ് ബാഴ്‌സലോണ കരുതുന്നത്.

അതേസമയം ചെൽസി മുന്നോട്ടു വെച്ച 55 മില്യൺ പൗണ്ടിന്റെ ഓഫർ ലീഡ്‌സ് യുണൈറ്റഡ് ദിവസങ്ങൾക്കു മുൻപു തന്നെ സ്വീകരിച്ചിരുന്നു. റഫിന്യയും ചെൽസിയും തമ്മിൽ ധാരണയിൽ എത്തിയാൽ ട്രാൻസ്‌ഫർ പൂർത്തിയാകും എന്നിരിക്കെയാണ് ബാഴ്‌സയുടെ ഇടപെടൽ വരുന്നത്. ചെൽസിയിലേക്ക് ചേക്കേറാൻ ഒരുങ്ങിയിരുന്ന താരം ഇതോടെ മനസു മാറി ബാഴ്‌സലോണ ട്രാൻസ്‌ഫറിനു വേണ്ടി സമ്മർദ്ദം ചെലുത്തുകയാണിപ്പോൾ.

ഈ വിഷയത്തിൽ റഫിന്യ ഇതുവരെയും തന്റെ പ്രതികരണം അറിയിച്ചിട്ടില്ലെങ്കിലും ബാഴ്‌സലോണ ട്രാൻസ്‌ഫറാണ് താരം പരിഗണിക്കുന്നത് എന്നു വ്യക്തമാണ്. 2024 വരെ ലീഡ്‌സുമായി കരാറുള്ള താരത്തിന്റെ ഭാവിയിനി ഏതു ക്ലബിനൊപ്പം ആയിരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.