മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയതില് നിരാശയില്ലെന്ന് വ്യക്തമാക്കി റാഫേല്‍ വരാനെ

റയല്‍ മാഡ്രിഡ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധനിരയിലെത്തിയതില് തനിന്ന് നിരാശയില്ലെന്ന് ആവര്‍ത്തിച്ച് ഫ്രഞ്ച് പ്രതിരോധ താരം റാഫേല്‍ വരാനെ.
പി.എ ന്യൂസ് ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ ക്ലബ് മാറ്റത്തില്‍ ഒട്ടും നിരാശയില്ലെന്നാണ് വരാനെ വ്യക്തമാക്കിയത്. "ഫുട്ബോളില്‍ നിങ്ങള്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുകയും മെച്ചപ്പെടാന്‍ ശ്രമിക്കുകയും വേണമെന്ന് എനിക്ക് തോന്നുന്നു. ഒരേ സ്ഥലത്ത് 10 വര്‍ഷം ചിലവഴിച്ചതിന് ശേഷം മറ്റൊരിടത്ത് ജീവിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതുകൊണ്ട് നിരാശയില്ല," വരാനെ പറഞ്ഞു.
"പ്രീമിയര്‍ ലീഗ് അതിശയകരമാണെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു മികച്ച ക്ലബാണെന്നും ഞാന്‍ കരുതുന്നു. അതിനാല്‍ എന്റെ തീരുമാനത്തില്‍ യാതൊരു സംശയവും എനിക്കില്ല," വരാനെ വ്യക്തമാക്കി.
അവസാന സീസണില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞിരുന്നില്ല. പ്രീമിയര്‍ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ചുവന്ന ചെകുത്താന്മര്ക്ക് കഴിഞ്ഞുള്ളു. അതിന്റെ നിരാശയും വരാനെ പങ്കുവെച്ചു.
"ശരിക്കും എനിക്ക് കുറച്ചുകൂടി കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അത് ഫുട്ബോളിന്റെ ഭാഗമാണ്. ഞങ്ങള്‍ അടുത്ത സീസണിനായി കാത്തിരിക്കുകയാണ്. ആത്മവിശ്വാസം പ്രധാനപ്പെട്ട ഒന്നാണെന്നും ചില മത്സരങ്ങള്‍ തോറ്റപ്പോള്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടെന്ന് ഞാന്‍ കരുതുന്നു.
"ഞങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വാസം. അടുത്ത സീസണില്‍ മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്ക് സ്ഥിരത ആവശ്യമുള്ളതാണെന്നും ആത്മവിശ്വാസം വളര്‍ത്തിയെടുക്കണമെന്നും എനിക്ക് തോന്നുന്നു," വരാനെ വ്യക്തമാക്കി.
റയലില്‍ നിന്ന് യുണൈറ്റഡിലേക്ക് ചേക്കേറിയ വരാനെക്ക് അവസാന സീസണില്‍ യുണൈറ്റഡിന് വേണ്ടി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. മസില് ഇഞ്ചുറി കാരണം സീസണില്‍ 17 മത്സരങ്ങൾ ഫ്രഞ്ച് താരത്തിന് നഷ്ടപ്പെട്ടിരുന്നു.