ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം വീണ്ടും കളിക്കാൻ കഴിയുന്നത് മനോഹരമായ അനുഭവമെന്ന് റാഫേൽ വരാനെ


ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ വീണ്ടും കളിക്കാൻ കഴിഞ്ഞത് മഹത്തായ അനുഭവമാണെന്ന് ഫ്രഞ്ച് പ്രതിരോധതാരം റാഫേൽ വരാനെ. പത്തു വർഷത്തോളം റയൽ മാഡ്രിഡിനു വേണ്ടി കളിച്ച് സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയതിനു ശേഷം പുതിയൊരു വെല്ലുവിളിക്കായി പ്രീമിയർ ലീഗിലേക്ക് ചേക്കേറിയ റാഫേൽ വരാനെ ടീമുമായി താൻ കൂടുതൽ ഇണങ്ങിച്ചേർന്നു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
"ഞങ്ങൾ തമ്മിൽ വളരെ നല്ലൊരു ബന്ധം നിലനിൽക്കുന്നുണ്ട്, വിഷയങ്ങൾ പങ്കു വെക്കാൻ ആഗ്രഹമുള്ള താരമാണ് അദ്ദേഹം, ശാരീരികവും മാനസികവുമായ തലത്തിൽ ഫുട്ബോളിനെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളെപ്പറ്റി സംസാരിക്കാൻ താൽപര്യമുള്ള ആളാണ് അദ്ദേഹം." വരാനെ ഫ്രഞ്ച് മാധ്യമമായ കനാൽ പ്ലസിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.
"Now things are going better" https://t.co/OBIiWVQ0Tr
— Mirror Football (@MirrorFootball) February 27, 2022
"ഒരു പ്രൊഫെഷണൽ ഫുട്ബോളറുടെ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ മടി കാണിക്കാറില്ല. കളിക്കുന്നത് മഹത്തായ അനുഭവമാണ്. മത്സരിക്കാനും വിജയം നേടാനുമുള്ള റൊണാൾഡോയുടെ മനോഭാവം ഏതു ടീമിനും ഗുണവുമാണ്." ഫ്രഞ്ച് പ്രതിരോധതാരം വ്യക്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിലെ ജീവിതത്തെക്കുറിച്ചും താരം പറഞ്ഞു.
"എനിക്ക് കൂടുതൽ കൂടുതൽ നന്നായി തോന്നുന്നു. കഴിഞ്ഞ ആഴ്ചകളിലെ മത്സരങ്ങളിലും പരിശീലനത്തിലും എനിക്ക് തുടർച്ചയുണ്ടായിട്ടുണ്ട്. സീസണിന്റെ തുടക്കത്തിൽ എനിക്ക് ചില തിരിച്ചടികൾ ഉണ്ടായെങ്കിലും ഇപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി നല്ലതാണ്. കുറച്ചു കൂടി അനായാസത തോന്നുന്നതിനൊപ്പം ഇംഗ്ലീഷ് ഭേദപ്പെട്ടു സംസാരിക്കുന്നത് സഹതാരങ്ങളെ മനസിലാക്കാനും സഹായിക്കും." വരാനെ പറഞ്ഞു.
മത്സരങ്ങളുടെ തീവ്രതയാണ് പ്രീമിയർ ലീഗും ലാ ലിഗയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും വരാനെ പറഞ്ഞു. പ്രീമിയർ ലീഗിൽ എല്ലാ മത്സരങ്ങളിലും എതിരാളികളുടെ മേൽ നിന്നുള്ള സമ്മർദ്ദവും പ്രത്യാക്രമണവും ഡുവൽസും ഉണ്ടാകുമ്പോൾ സ്പെയിനിലെ മത്സരങ്ങൾ കുറേക്കൂടി ശാന്തമാണെന്നാണ് താരത്തിന്റെ അഭിപ്രായം. മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പും വ്യത്യസ്തമാണെന്നു പറഞ്ഞ വരാൻ സ്പെയിനിൽ ടീമിന്റെ കളിക്ക് കുറച്ചു കൂടി താളമുണ്ടെന്നും കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.