Football in Malayalam

"വിസ്‌മയകരമായ പത്തു വർഷങ്ങൾ, ഇനി പുതിയൊരു അധ്യായം"- റയൽ മാഡ്രിഡിനോടു യാത്ര പറഞ്ഞ് റാഫേൽ വരാനെ

Sreejith N
TOPSHOT-FBL-EUR-C1-LIVERPOOL-REAL MADRID
TOPSHOT-FBL-EUR-C1-LIVERPOOL-REAL MADRID / FRANCK FIFE/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ തയ്യാറെടുത്തു നിൽക്കെ പത്തു വർഷത്തോളം കളിച്ച റയൽ മാഡ്രിഡിനോടു വിട പറഞ്ഞ് ഫ്രഞ്ച് പ്രതിരോധതാരം റാഫേൽ വരാനെ. 41 മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫറിലാണ് വരാനെ ഓൾഡ് ട്രാഫോഡിലേക്കു ചേക്കേറുന്നത്. വിസ്‌മയകരമായ നിരവധി വർഷങ്ങൾക്കു ശേഷം പുതിയൊരു അധ്യായത്തിന്റെ തുടക്കമാണിതെന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

"അസാധാരണവും വിസ്മയകരവുമായ പത്തു വർഷങ്ങൾ ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ക്ലബായ റയൽ മാഡ്രിഡിനൊപ്പം പൂർത്തിയാക്കിയതിനു ശേഷം വിടപറയാനുള്ള ദിവസം വന്നെത്തിയിരിക്കുന്നു."

"2011ൽ റയലിൽ എത്തിയത് മുതൽ ഒരുമിച്ചു നിന്ന് ഞങ്ങൾ പ്രതീക്ഷകളെ സാക്ഷാത്കരിക്കുകയും ഞാൻ സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്‌തു. ഈ ക്ലബിനൊപ്പമുണ്ടാവുകയും എനിക്കു വേണ്ടതെല്ലാം നൽകുകയും ചെയ്‌ത പരിശീലകർക്കും മറ്റുള്ളവർക്കുമെല്ലാം ഞാൻ നന്ദി പറയുന്നു."

"എനിക്കെല്ലായിപ്പോഴും വളരെയധികം സ്നേഹം നൽകിയ, അവരുടെ ആവശ്യങ്ങൾ കൊണ്ട് എപ്പോഴും മികച്ച പ്രകടനം നടത്താനും പോരാടാനും എന്നെ സഹായിച്ച മാഡ്രിഡിസ്റ്റകളോടും ഞാൻ വളരെയധികം നന്ദി പറയുന്നു." വരാനെ കുറിച്ചു.

ലോകത്തിലെ മികച്ച താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ച താരം നേടിയെടുത്ത നിരവധി വിജയങ്ങളിൽ 'ലാ ഡെസിമ' തനിക്ക് മറക്കാനാവാത്ത ഒന്നാണെന്നും പറഞ്ഞു. നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയതിന്റെ സന്തോഷവുമായി പുതിയൊരു അധ്യായത്തിലേക്കു നീങ്ങുകയാണെന്നും താരം വ്യക്തമാക്കി.

ഫ്രഞ്ച് ക്ലബായ ലെൻസിൽ നിന്നും 2011ലാണ് വരാനെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. ഏതാണ്ട് 360 മത്സരങ്ങൾ റയലിനൊപ്പം കളിച്ച താരം തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗുൾപ്പെടെ പതിനെട്ടു കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇക്കാലയളവിൽ ഫ്രാൻസിനൊപ്പം 2018 ലോകകപ്പും വരാനെ നേടിയെടുത്തു.

facebooktwitterreddit