റൊണാൾഡോയുടെ വാക്കുകൾ ശരിവെച്ച് റാങ്നിക്ക്, യുവതാരങ്ങൾക്ക് റൊണാൾഡോ വെല്ലുവിളിയുയർത്തുന്നത് തുടരാൻ ആവശ്യം

Manchester United v Crystal Palace - Premier League
Manchester United v Crystal Palace - Premier League / Sebastian Frej/MB Media/GettyImages
facebooktwitterreddit

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നിൽക്കുന്ന അവസ്ഥയിൽ തനിക്കുള്ള അതൃപ്‌തി ദിവസങ്ങൾക്കു മുൻപ് റൊണാൾഡോ വ്യക്തമാക്കിയിരുന്നു. ടീം മെച്ചപ്പെടാൻ താരങ്ങൾ ഒരുമിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയ റൊണാൾഡോ നിലവിലെ പരിശീലകനായ റാൾഫ് റാങ്നിക്കിന് തന്റെ പരിപൂർണ പിന്തുണ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കേ പോർച്ചുഗീസ് താരത്തിന്റെ വാക്കുകൾ ശരിവെക്കുന്ന രീതിയിലാണ് റാൾഫ് റാങ്നിക്കും സംസാരിച്ചത്. സീനിയർ താരങ്ങളും യുവതാരങ്ങളും ഒരുമിച്ച് പൊരുതേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയ അദ്ദേഹം റൊണാൾഡോയെപ്പോലുള്ള കളിക്കാർ അവർക്ക് മാതൃക നൽകുന്നതിനൊപ്പം കൂടുതൽ വെല്ലുവിളി ഉയർത്തണമെന്നും ആവശ്യപ്പെട്ടു.

"പ്രായമായ താരങ്ങളും യുവതാരങ്ങളും ഒരു ടീമായി, ഒറ്റക്കെട്ടായി മൈതാനത്ത് കളിക്കണം. നമ്മൾക്ക് വളരെ നിലവാരവും കഴിവുമുള്ള താരങ്ങളുണ്ടെന്നു പറയുമ്പോൾ റൊണാൾഡോ സൂചിപ്പിച്ചിടത്തേക്കു തന്നെയാണ് ഞാനെത്തുന്നത്. ഒരു ടീമെന്ന നിലയിൽ നമ്മൾക്ക് ഒരുമിച്ച് വളർന്നു മുന്നേറണം."

"താരങ്ങളോട് വളരെ കൃത്യമായി കാര്യങ്ങൾ സംസാരിക്കേണ്ട ആവശ്യം വരികയാണെങ്കിൽ അതു ചെയ്യണം. ടീമിനു വളരെയധികം സഹായിക്കുന്ന ഒന്നാണത്, ലോക്കർ റൂമിൽ പോലും അതാവാം. ക്രിസ്റ്റ്യാനോ റൊണാൾഡോയോ, മറ്റേതെങ്കിലും താരമോ മൈതാനത്തോ ഡ്രസിങ് റൂമിലോ വെച്ച് മറ്റുള്ളവരോട് കാര്യങ്ങൾ സംസാരിക്കുകയാണെങ്കിൽ അത് സ്വാഗതം ചെയ്യുന്നു."

"നമുക്കു പരിചയസമ്പത്തുണ്ട്. സീനിയർ താരങ്ങൾ മൈതാനത്തും പരിശീലന മൈതാനത്തും മാത്രമല്ല മാതൃകയായി നിൽക്കേണ്ടത്. അത്തരം സംഭാഷണങ്ങൾ അവർക്ക് ലോക്കർ റൂമിലോ മത്സരത്തിനു മുൻപേ താരങ്ങൾ താമസിക്കുന്ന ഹോട്ടലിലോ വെച്ചു പറയാം. അത് സംഭവിക്കണം. ഒരു ടീമിൽ, ഒത്തിണക്കമുള്ള ടീമിൽ അത് സ്വാഭാവികമായും സംഭവിക്കും."

"ഞാൻ താരങ്ങളെ, പ്രായമുള്ള കളിക്കാരെയും അതു ദിവസവും ചെയ്യാൻ ആവശ്യപ്പെട്ട് ക്ഷണിക്കുന്നു. നിലവിലുള്ള ടീമിനെക്കാൾ അത് നമ്മളെ വളരെയധികം സഹായിക്കും." റാങ്നിക്ക് പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.