കവാനി ടീമിനൊപ്പം തുടരണമെന്ന് റാങ്നിക്ക്, വാൻ ഡി ബീക്കിന്റെ ഭാവിയെക്കുറിച്ചും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ

Manchester United v Liverpool: The Emirates FA Cup Fourth Round
Manchester United v Liverpool: The Emirates FA Cup Fourth Round / Pool/GettyImages
facebooktwitterreddit

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള പദ്ധതികൾ ഉപേക്ഷിച്ച് എഡിസൺ കവാനി ടീമിനൊപ്പം തന്നെ തുടരണം എന്നാവശ്യപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്ക്. റൊണാൾഡോ എത്തിയതോടെ അവസരങ്ങൾ കുറഞ്ഞ യുറുഗ്വായ് താരം ജനുവരിയിൽ സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ ശക്തമായ അവസരത്തിലാണ് റാങ്നിക്ക് താരത്തോട് തുടരാൻ ആവശ്യപ്പെട്ടത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം 49 മത്സരങ്ങളിൽ നിന്നും 19 ഗോളുകൾ നേടിയിട്ടുള്ള താരത്തോട് ഏതാനും ആഴ്‌ചകളായി താൻ പല തവണ സംസാരിച്ചിട്ടുണ്ടെന്നും കവാനി ടീമിന് വളരെ പ്രധാനപ്പെട്ട താരമാണെന്നു പറഞ്ഞിട്ടുണ്ടെന്നും റാങ്നിക്ക് വെളിപ്പെടുത്തി. ടീമിൽ ഒരു പ്രോപ്പർ സ്‌ട്രൈക്കറായി ആകെയുള്ളത് കവാനിയാണെന്നും താരത്തിന്റെ പ്രൊഫെഷണൽ സമീപനവും ജോലിയോടു കാണിക്കുന്ന നീതിയും വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സീസൺ കഴിയുന്നതു വരെ ക്ലബിനൊപ്പം തുടരാൻ കവാനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരത്തോട് തനിക്കുള്ള ബഹുമാനവും മതിപ്പും കവാനിക്ക് അറിയാമെന്നും റാങ്നിക്ക് വ്യക്തമാക്കി. ടീമിൽ അവസരങ്ങൾ കിട്ടാത്ത മറ്റൊരു താരമായ മാർഷ്യൽ ക്ലബ് വിടാനുള്ള താൽപര്യം അറിയിച്ചിട്ടുണ്ടെന്നു പറഞ്ഞ ജർമൻ പരിശീലകൻ ഡച്ച് മധ്യനിര താരമായ ഡോണി വാൻ ബീക്കിന് കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്ന ഉപദേശവും നൽകി.

വളരെ മികച്ചൊരു ടീം പ്ലെയറായ വാൻ ഡി ബീക്ക് നല്ല രീതിയിൽ തന്നെ പരിശീലനം നടത്തുന്നുണ്ടെന്നു പറഞ്ഞ റാങ്നിക്ക് താരത്തിന്റെ സാഹചര്യം തനിക്ക് മനസിലാകുമെന്നും അറിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞാൽ ഡച്ച് ദേശീയ ടീമിലെ സ്ഥാനം നഷ്‌ടപ്പെട്ട് ഖത്തർ ലോകകപ്പിൽ കളിക്കാനുള്ള സാധ്യതയും മങ്ങുമെന്നതിനാൽ വാൻ ബീക്കിനു കൂടുതൽ സമയം കളിക്കളത്തിൽ വേണ്ടത് ആവശ്യം തന്നെയാണെന്ന് വ്യക്തമാക്കി.

അതേസമയം താരവും ഈ സീസണിന്റെ അവസാനം വരെയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടരുതെന്ന അഭിപ്രായമാണ് ജർമൻ പരിശീലകനുള്ളത്. വാൻ ഡി ബീക്കിനു കൂടുതൽ അവസരങ്ങൾ നൽകാൻ താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പുതിയ താരങ്ങളെ ടീമിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ച് ജർമൻ പരിശീലകൻ ഒന്നും പറഞ്ഞില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.