Football in Malayalam

"പത്തു മിനുട്ടു കൂടി ഉണ്ടായിരുന്നെങ്കിൽ ജയിക്കുമായിരുന്നു"- ആദ്യപകുതിയിൽ ടീമിന്റെ പ്രകടനത്തെ വിമർശിച്ച് റാങ്നിക്ക്

Sreejith N
Atletico Madrid v Manchester United: Round Of Sixteen Leg One - UEFA Champions League
Atletico Madrid v Manchester United: Round Of Sixteen Leg One - UEFA Champions League / Chris Brunskill/Fantasista/GettyImages
facebooktwitterreddit

അത്ലറ്റികോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യപകുതിയിൽ നടത്തിയ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് റാങ്നിക്ക്. ജോവോ ഫെലിക്‌സിന്റെ ഗോൾ പിറന്നതോടെ തന്റെ പദ്ധതികളെല്ലാം ചവറ്റുകുട്ടയിൽ എറിഞ്ഞുവെന്നു പറഞ്ഞ ജർമൻ പരിശീലകൻ യാതൊരു വിധത്തിലുള്ള ദൃഢനിശ്ചയവും ആക്രമണോത്സുകതയും മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി.

അത്ലറ്റികോ മാഡ്രിഡിന്റെ മൈതാനത്തു നടന്ന ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ഏഴാം മിനുട്ടിൽ ജോവോ ഫെലിക്‌സ് അത്ലറ്റികോയെ മുന്നിലെത്തിച്ചതിനു എൺപതാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ആന്തണി എലാങ്കയാണ്‌ മറുപടി നൽകിയത്. മത്സരം പത്തു മിനുട്ടു കൂടി ഉണ്ടായിരുന്നെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചേനെയെന്നും റാങ്നിക്ക് പറഞ്ഞു.

"മത്സരത്തെ രക്ഷിച്ചോ എന്നറിയില്ല, പക്ഷെ ആദ്യപകുതിയിൽ നടത്തിയ പ്രകടനം പരിശോധിക്കുമ്പോൾ ഞങ്ങൾക്ക് ഇനിയും മെച്ചപ്പെടാൻ മാത്രമേ കഴിയൂ. ഞങ്ങൾ ആദ്യപകുതിയിൽ കളിച്ചത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ദൃഢനിശ്ചയവും ആക്രമണോത്സുകതയും ഞങ്ങൾക്കുണ്ടായിരുന്നില്ല, അതാണ് ടീം ബുദ്ധിമുട്ടുന്നതിന്റെ കാരണവും." മത്സരത്തിനു ശേഷം ബിടി സ്പോർട്ടിനോട് റാങ്നിക്ക് പറഞ്ഞു.

"രണ്ടാം പകുതിയിൽ ഞങ്ങൾ കൂടുതൽ മികച്ചു നിന്നു, വേണ്ട ഏരിയകളിൽ കൂടുതൽ പന്തടക്കം ഉണ്ടായിരുന്നു. പത്തു മിനുട്ടു കൂടി ഞങ്ങൾ കളിച്ചിരുന്നെങ്കിൽ ഞങ്ങൾ മത്സരത്തിൽ വിജയം നേടുമായിരുന്നു. പക്ഷെ ആദ്യപകുതിയിൽ കൂടുതൽ നന്നായി കളിക്കണം. മത്സരത്തിൽ ആദ്യപകുതിയിൽ നടത്തിയ പ്രകടനം എന്നെ നിരാശനാക്കി."

"പന്തുള്ളപ്പോഴും പന്തിനെതിരെ നിൽക്കുമ്പോഴും ഞങ്ങൾ വളരെ ആശങ്കാകുലരായിരുന്നു. കൂടുതൽ സാഹസത്തിനു മുതിരാതെ സ്വന്തം പകുതിയിൽ മാത്രമാണു കളിച്ചത്. അത്ലറ്റികോ പോലെയുള്ള ഒരു ടീമിനെതിരെ അതു ബുദ്ധിമുട്ടാണ്. അവരുടെ ഗോൾ പ്രതിരോധിക്കാനും ബുദ്ധിമുട്ടായിരുന്നു. വളരെ മികച്ച ക്രോസും ഫിനിഷിങ്ങുമായിരുന്നു അത്."

"ഞങ്ങൾ പന്തിൽ കുറച്ചുകൂടി ദൃഢനിശ്ചയത്തോടെ കളിക്കണം, കൂടുതൽ ഡീപ് റണ്ണുകൾ ആവശ്യമുണ്ട്, ഞങ്ങൾ നേടിയ ഗോൾ അത്തരത്തിൽ ഉള്ളതായിരുന്നു. അതുപോലെയാണ് ഞങ്ങൾ അവർക്കെതിരെ കളിക്കേണ്ടത്. ഞങ്ങൾ ഗോൾ വഴങ്ങിയതോടെ എല്ലാ പദ്ധതികളും ചവറ്റുകുട്ടയിലായി." റാങ്നിക്ക് വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit