മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെയും മാഞ്ചസ്റ്റർ സിറ്റിയെയും മാതൃകയാക്കണമെന്ന് റാൾഫ് റാങ്നിക്ക്


മാഞ്ചസ്റ്റർ സിറ്റിയെയും ലിവർപൂളിനെയും പോലെ തനതായ ഒരു ശൈലി മാഞ്ചസ്റ്റർ യുണൈറ്റഡ് വികസിപ്പിച്ചെടുക്കണമെന്ന് ക്ലബിന്റെ പരിശീലകൻ റാൾഫ് റാങ്നിക്ക്. ഞായറാഴ്ച നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ തയ്യാറെടുത്തു നിൽക്കെയാണ് റാങ്നിക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. മാനേജർ ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ഥിരതയും തുടർച്ചയും നിലനിർത്തുന്നതാണ് മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ തുടങ്ങിയ ക്ലബുകൾ വിജയം കാണുന്നതിനു പിന്നിലെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
"മാഞ്ചസ്റ്റർ സിറ്റിയിൽ മാത്രമല്ല, ലിവർപൂളിലും വ്യക്തമായ കാര്യം കഴിഞ്ഞ അഞ്ചോ ആറോ വർഷമായി അവരുടെ മാനേജർ, ഹെഡ് കോച്ച് സ്ഥാനങ്ങളിൽ തുടർച്ചയുണ്ടായിരുന്നു എന്നതാണ്. അവർക്ക് വ്യക്തമായ ഐഡന്റിറ്റിയും എങ്ങിനെ കളിക്കാൻ ആഗ്രഹിക്കുന്നു എന്നതിനെ കുറിച്ചുള്ള വ്യക്തമായ ആശയവുമുണ്ട്. എനിക്ക് യർഗൻ ക്ളോപ്പിനെ നേരിട്ട് അറിയാം. ജർമനിയിൽ ബയേൺ മ്യൂണിക്കിന്റെ പരിശീലകൻ ആയിരുന്ന സമയത്ത് പെപ്പിനെയും എനിക്കറിയാം." മാധ്യമങ്ങളോട് റാങ്നിക്ക് പറഞ്ഞു.
Ralf Rangnick says Manchester United need continuity off the pitch to find their identity like rivals Manchester City and Liverpool.
— Sky Sports Premier League (@SkySportsPL) March 4, 2022
"അവർക്ക് വ്യക്തമായ ഐഡന്റിറ്റിയുണ്ട്, അല്ലെങ്കിൽ നിങ്ങൾക്കതിന്റെ കോർപ്പറേറ്റ് ഐഡന്റിറ്റി എന്നു വിളിക്കാം. അവർ ചെയ്യുന്ന എല്ലാത്തിനും ഇത് മാർഗ്ഗനിർദ്ദേശം നൽകുന്നു. പുതിയ താരങ്ങളുടെ കാര്യത്തിൽ മാത്രമല്ല, സ്റ്റാഫ് മെമ്പർമാർ, വിവിധ ഏരിയകളിലുള്ള വിദഗ്ദർ എന്നിവയെല്ലാം കഴിഞ്ഞോ പത്തോ പതിനഞ്ചോ വർഷങ്ങളായി വളരെ പ്രധാനപ്പെട്ട കാര്യമാണ്."
"ഇതാണ് യൂറോപ്പിലെ എല്ലാ വമ്പൻ ക്ലബുകൾക്കും പൊതുവെയുള്ള കാര്യം. ഇത് തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ഏതാനും വർഷങ്ങളിൽ വികസിപ്പിക്കുകയും മെച്ചപ്പെടുത്തി എടുക്കുകയും ചെയ്യേണ്ടത് എന്നു ഞാൻ കരുതുന്നു." ജർമൻ പരിശീലകൻ വ്യക്തമാക്കി.
ഞായറാഴ്ച നടക്കാനിരിക്കുന്ന മാഞ്ചസ്റ്റർ ഡെർബി രണ്ടു ടീമുകൾക്കും വളരെ നിർണായകമാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം അനിവാര്യമാകുമ്പോൾ സിറ്റിയെ സംബന്ധിച്ച് ഓരോ പോയിന്റ് നഷ്ടവും പ്രീമിയർ ലീഗ് കിരീടം നഷ്ടമാകുന്നതിലേക്കാണ് എത്തിക്കുക. പ്രതിരോധതാരം ഡയസിന്റെ അഭാവത്തിൽ സിറ്റി ഇറങ്ങുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിലേക്ക് കവാനി തിരിച്ചെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.