ആസ്റ്റൺ വില്ലക്കെതിരെ റൊണാൾഡോ കളിക്കാതിരിക്കാനുള്ള കാരണം സ്ഥിരീകരിച്ച് റാൾഫ് റാങ്നിക്ക്
By Sreejith N

ആസ്റ്റൺ വില്ലക്കെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി പരിശീലകനായ റാൽഫ് റാങ്നിക്ക്. താരത്തിനു പരിക്കിന്റെ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും അതിൽ നിന്നും പൂർണമായി മുക്തനായിട്ടില്ലെന്നും ജർമൻ പരിശീലകൻ മാധ്യമങ്ങളോട് പറഞ്ഞു.
ആസ്റ്റൺ വില്ലക്കെതിരെ തന്നെ നടന്ന എഫ്എ കപ്പ് മത്സരത്തിൽ നിന്നും ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് റൊണാൾഡോ രണ്ടാമത്തെ മത്സരവും കളിക്കാതിരിക്കുന്നത്. റൊണാൾഡോയുടെ അഭാവത്തിൽ വില്ലയുടെ മൈതാനത്തിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും പകരക്കാരനായിറങ്ങിയ ഫിലിപ്പെ കുട്ടീന്യോ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി വില്ലക്ക് സമനില നേടിക്കൊടുത്തു.
Ralf Rangnick reveals why Ronaldo isn't in Man Utd's squad ? pic.twitter.com/TnwTOUFtRA
— Sky Sports Premier League (@SkySportsPL) January 15, 2022
"ആസ്റ്റൺ വില്ലക്കെതിരെ നടന്ന എഫ്എ കപ്പ് മത്സരം നഷ്‌ടമായ അതെ കാരണം കൊണ്ടു തന്നെയാണ് റൊണാൾഡോ ഇന്നു സ്‌ക്വാഡിൽ ഇല്ലാത്തതും. ഇന്നലെ പരിശീലനത്തിനു മുൻപേ താരത്തിനു ഹിപ്പിൽ പ്രശ്‌നങ്ങൾ അനുഭവപ്പെടുകയും അതിന്റെ ഭാഗമായി പരിശീലനത്തിൽ നിന്നും ഒഴിവാക്കാൻ ഞങ്ങൾ തീരുമാനിക്കുകയും ചെയ്‌തു."
"പരിശീലനത്തിനു ശേഷം ഞാൻ താരവുമായി വീണ്ടും സംസാരിച്ച് ഇപ്പോഴും പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ വില്ലക്കെതിരായെ മത്സരത്തിനുള്ള ടീമിനൊപ്പം യാത്ര ചെയ്യേണ്ടെന്ന തീരുമാനം എടുക്കുകയായിരുന്നു. ബ്രെന്റ്ഫോർഡിനെതിരായ മത്സരത്തിൽ താരം കളിക്കുമെന്നാണ് ഞാൻ കരുതുന്നത്." മത്സരത്തിനു മുൻപേ സ്കൈ സ്‌പോർട്സിനോട് സംസാരിക്കുമ്പോൾ റാങ്നിക്ക് പറഞ്ഞു.
റൊണാൾഡോയുടെ അഭാവത്തിൽ കഴിഞ്ഞ മത്സരത്തിൽ ജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണയും അതാവർത്തിക്കും എന്നു പ്രതീക്ഷിച്ചെങ്കിലും കുട്ടീന്യോ കളത്തിലിറങ്ങിയതോടെ കളി മാറുകയായിരുന്നു. ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടു ഗോളുകളും നേടിയപ്പോൾ ആസ്റ്റൺ വില്ലയുടെ ഗോളുകൾ ജേക്കബ് റാംസിയും കുട്ടീന്യോയുമാണ് സ്വന്തമാക്കിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.