പിൻവലിച്ചതിനു ശേഷം റൊണാൾഡോ തന്നോട് ചോദിച്ചതിന് അഞ്ചു മിനിറ്റിനകം മറുപടി ലഭിച്ചെന്ന് റാങ്നിക്ക്
By Sreejith N

ബ്രെന്റ്ഫോഡിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ തനിക്കു പകരം പകരക്കാരനെ ഇറക്കിയതിനു ശേഷം റൊണാൾഡോ യഥാർത്ഥത്തിൽ ചോദിച്ചതെന്താണെന്നു വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്ക്. റൊണാൾഡോയുടെ ചോദ്യത്തിനുള്ള മറുപടി അഞ്ചു മിനിറ്റിനകം മൈതാനത്തു നിന്നും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടു ഗോളിന് മുന്നിൽ നിൽക്കുമ്പോൾ എഴുപത്തിയൊന്നാം മിനുട്ടിലാണ് റൊണാൾഡോ മത്സരത്തിൽ നിന്നും പിൻവലിക്കപ്പെടുന്നത്. ഇതിൽ അതൃപ്‌തനായ താരം അതു പ്രകടമാക്കി കളിക്കളത്തിൽ നിന്നും കയറുകയും ദേഷ്യത്തോടെ തന്റെ ജാക്കറ്റ് വലിച്ചെറിയുകയും ചെയ്‌തിരുന്നു, താരത്തിന്റെ വികാരപ്രകടനം കണ്ട റാങ്നിക്ക് റൊണാൾഡോയോട് അപ്പോൾ സംസാരിക്കുകയും ചെയ്‌തിരുന്നു.
Rangnick on subbing Ronaldo ? pic.twitter.com/pGgkrF8Jfd
— ESPN FC (@ESPNFC) January 21, 2022
"ഫുട്ബോൾ പരിശീലകരുടെ ജോലി ടീമിനെ മത്സരങ്ങൾ വിജയിക്കാൻ സഹായിക്കുക എന്നതാണ്. എന്നെ സംബന്ധിച്ച് വില്ല പാർക്കിലുണ്ടായ സംഭവം മനസിലുള്ളതു കൊണ്ടു തന്നെ കാര്യങ്ങൾ കൃത്യമായി ചെയ്യണം എന്നുറപ്പിച്ചിരുന്നു. ആരെയാണ് പിൻവലിക്കുക എന്നതായിരുന്നു മുന്നിലുണ്ടായിരുന്ന ഒരേയൊരു ചോദ്യം."
"റൊണാൾഡോ ഗോളുകൾ നേടാനും എപ്പോഴും കളിക്കാനും ഗോളുകൾ കണ്ടെത്താനും ശ്രമിക്കുന്ന താരമാണ്. റൊണാൾഡോ തന്നെ ചോദിച്ചു 'എനിക്കു പകരം എന്താണ് യുവതാരങ്ങളെ പിൻവലിക്കാതിരുന്നതെന്ന്?' അതിനുള്ള മറുപടി അഞ്ചു മിനിറ്റിനകം തന്നെ ഒരു യുവതാരത്തിന്റെ ഗോളിലൂടെ വരികയും ചെയ്‌തു." റാങ്നിക്ക് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ബ്രെന്റഫോഡിനെതിരെ നടന്ന മത്സരത്തിൽ എലാങ്ക, ഗ്രീൻവുഡ് എന്നിവരുടെ ഗോളുകളിൽ യുണൈറ്റഡ് മുന്നിട്ട് നിൽക്കുമ്പോഴാണ് റൊണാൾഡോ പിൻവലിക്കപ്പെടുന്നത്. അതിനു ശേഷം മാർക്കസ് രാഷ്‌ഫോഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഡ് ഉയർത്തിയിരുന്നു. നിലവിൽ ഏഴാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് അടുത്ത മത്സരത്തിൽ വെസ്റ്റ് ഹാമാണ് എതിരാളികൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.